പാലക്കാട്: എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുൻമന്ത്രിയുമായ എസ്.പി വേലുമണിയുടെയും ബന്ധുക്കളുടേയും വീടുകളിലും ഓഫീസുകളിലും വീണ്ടും റെയ്‌ഡ്. നിലവിൽ കോയമ്പത്തൂർ തൊണ്ടാമുത്തൂർ എംഎൽഎയും പാർട്ടി ചീഫ് വിപ്പുമാണ് എസ്.പി വേലുമണി.
പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 11.152 കിലോ സ്വർണാഭരണങ്ങൾ, 118.506 കിലോ വെള്ളി, വ്യാജ രേഖകൾ, കണക്കിൽ പെടാത്ത 84 ലക്ഷം രൂപ, മൊബൈൽ ഫോണുകൾ, നിരവധി ബാങ്കുകളുടെ ലോക്കർ കീകൾ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുകൾ എന്നിവ തമിഴ്‌നാട് വിജിലൻസ് ആന്‍ഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ക്രിപ്‌റ്റോ കറൻസികളുമായി ബന്ധപ്പെട്ട 34 ലക്ഷം രൂപയുടെ നിക്ഷേപ രേഖകളും കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു.
വേലുമണി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന. 2016-2021 കാലയളവിൽ കൂട്ടാളികളുടെ സഹായത്തോടെ 58.23 കോടി രൂപ സമ്പാദിച്ചുവെന്നായിരുന്നു ആരോപണം. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്ന് വിജിലൻസ് സംഘം അറിയിച്ചു. എട്ട് മാസത്തിനിടെ വേലുമണിക്കെതിരെ നടക്കുന്ന രണ്ടാമത്തെ റെയ്‌ഡാണിത്.
അട്ടപ്പാടിയിലെ ഫാം ഹൗസിലും റെയ്‌ഡ്
എസ്.പി വേലുമണിയുടെ അട്ടപ്പാടിയിലെ ഫാം ഹൗസിലും വിജിലൻസ് സംഘം പരിശോധന നടത്തി. അട്ടപ്പാടി കുലുക്കൂരിലുള്ള ഫാം ഹൗസിലാണ് തമിഴ്‌നാട് വിജിലൻസ് ആന്‍ഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ ഉദ്യോഗസ്ഥർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതികളുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയത്.
രാവിലെ ഏഴരയോടെ ഫാം ഹൗസിലെത്തിയ വിജിലൻസ് സംഘം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മടങ്ങിയത്. വേലുമണിയുടെ ഉടമസ്ഥതയിലുള്ള അട്ടപ്പാടിയിലെ തോട്ടങ്ങളിൽ വൻതോതിൽ കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന് മുൻപ് തന്നെ വാർത്തകൾ പടർന്നിരുന്നു. കൊവിഡിന്‍റെ ആദ്യ തരംഗത്തിലെ ലോക്ക്ഡൗൺ സമയത്ത് സ്ഥിരമായി അതിർത്തി കടന്നെത്തിയിരുന്ന വേലുമണി പണം കടത്തുകയാണെന്നായിരുന്നു അന്ന് ആരോപണമുയർന്നത്.
പത്ത് വർഷം മുൻപാണ് ആനക്കട്ടി കുലുക്കൂരിൽ വേലുമണി അഞ്ചേക്കർ ഫാം ഹൗസ് വാങ്ങിയത്.
Also Read: അട്ടപ്പാടിയിൽ പോക്സോ കേസുകൾ ഗണ്യമായി വർധിക്കുന്നതായി നിയമസഭ സമിതി