പാലക്കാട്: എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ വിദ്യ സമർപ്പിച്ച വ്യാജ രേഖകൾ കണ്ടെത്താൻ അഗളി പൊലീസ് വിദ്യയുടെ വീട്ടിൽ തെരച്ചിൽ നടത്തും. വിദ്യയുടെ കാസർകോട് തൃക്കരിപ്പൂരിലെ വീട്ടിൽ അഗളി സിഐ സലീമും സംഘവുമാണ് തെരച്ചിൽ നടത്തുക.
വിദ്യ വ്യാജ രേഖ സമർപ്പിച്ച് അഭിമുഖത്തിൽ പങ്കെടുത്തതായി കാണിച്ച് അട്ടപ്പാടി ഗവ. ആർജിഎം പ്രിൻസിപ്പൽ ലാലി വർഗീസ് വ്യാഴാഴ്‌ച രാത്രി അഗളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച അഗളി സിഐ അട്ടപ്പാടി ഗവ. ആർജിഎം കോളജിലെത്തി. അന്വേഷണം പുരോഗമിക്കുന്നതിനാൽ വിദ്യ അഭിമുഖത്തിനായി കോളജിൽ സമർപ്പിച്ച രേഖകളുടെ പകർപ്പുകൾ നഷ്‌ടപ്പെടരുതെന്ന് കോളജ് അധികൃതർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്‌ച രാവിലെ അഞ്ച് മണിയോടെയാണ് അഗളി പൊലീസ് സംഘം കാസർകോട് വിദ്യയുടെ വീട്ടിലേക്ക് തിരിച്ചിരിക്കുന്നത്. വീട്ടിൽ തെരച്ചിൽ നടത്തി വ്യാജ രേഖകളുണ്ടെങ്കിൽ കണ്ടെത്താനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച എറണാകുളം മഹാരാജസ് കോളജ് പ്രിൻസിപ്പൽ ഡോ.വിഎസ് ജോയി കോളജിന്‍റെ പേരില്‍ വിദ്യ വ്യാജ രേഖ ചമച്ചതായി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വ്യാജ രേഖ സമർപ്പിച്ചിട്ടുള്ളത് അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം അഗളി പൊലീസിന് കൈമാറണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ പൊലീസ് കേസ് അന്വേഷണം വൈകിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷം മാത്രമാണ് കേസ് അഗളി പൊലീസിന് കൈമാറിയത്. പിന്നാലെ അഗളി പൊലീസ് ഒരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് വിദ്യയുടെ വീട്ടിൽ ഇന്ന് പൊലീസ് തെരച്ചിൽ നടത്തുന്നത്.
അതേസമയം പൊലീസ് കേസ് മനപ്പൂർവം വൈകിപ്പിക്കുകയാണെന്ന വിമർശനവുമുണ്ട്. വിദ്യ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ മാസം രണ്ടിനാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്.
അട്ടപ്പാടി ഗവ. ആർജിഎം കോളജിൽ നടന്ന മലയാളം ഗസ്റ്റ് ലക്ച്ചററുടെ അഭിമുഖത്തില്‍, രണ്ട് വർഷം എറണാകുളം മഹാരാജസ് കോളജിൽ ഗസ്റ്റ് ലക്ച്ചററായി ജോലി ചെയ്‌തതായുള്ള എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് വിദ്യ സമർപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്‍റർവ്യൂ പാനലില്‍ ഉണ്ടായിരുന്നവർക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
2018 മുതല്‍ 2021 വരെ കോളജില്‍ ജോലി ചെയ്‌തതായാണ് വിദ്യ രേഖ ചമച്ചത്. അട്ടപ്പാടി കോളജിലേക്ക് ജോലിക്കായി അപേക്ഷിക്കുന്നതിന് മുൻപ് വിദ്യ വേറെ രണ്ടു കോളജുകളിൽ കൂടി അധ്യാപികയായി സേവനം അനുഷ്‌ഠിച്ചിരുന്നു. പാലക്കാട് പത്തിരിപ്പാല, കാസർകോട് കരിന്തളത്തുമാണ് ഇവർ ഗസ്റ്റ് ലക്‌ചററായി ജോലി ചെയ്‌തിരുന്നത്.
അതേസമയം എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച പൂർവ വിദ്യാർഥിനി കൂടിയായ വിദ്യയ്‌ക്കെതിരെ ഡിജിപിക്ക് കെഎസ്‌യു സംസ്ഥാന കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. സംഭവത്തില്‍ കോളജിലെ ഇടതുപക്ഷ അധ്യാപക-അനധ്യാപക, എസ്എഫ്ഐ സംഘടനകൾക്ക് പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നു.