പാലക്കാട്: കോൺഗ്രസ് ഭരിക്കുന്ന വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് കോഴ വാങ്ങിയ വിവരം പുറത്തായതോടെ നടപടിയെടുത്ത് കോൺഗ്രസ്. മൂന്ന് നേതാക്കൾക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. ബാങ്ക് പ്രസിഡന്‍റ് കളത്തിൽ അഷ്‌റഫ്, പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് എം വിജയകുമാർ, കുലുക്കല്ലൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും ബാങ്ക് ജീവനക്കാരനുമായ എൻ ഗോപകുമാർ എന്നിവരെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് നീക്കം ചെയ്‌തതായി ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ അറയിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് മൻസൂർ അലിയുടെ പരാതിയിലാണ് നടപടി. പ്യൂൺ നിയമനത്തിന് മൂന്നുപേരിൽ നിന്ന് 25 ലക്ഷം വീതം 75 ലക്ഷം രൂപ യുഡിഎഫ് ഭരണസമിതി കൈക്കൂലി വാങ്ങിയെന്നാണ് പരാതി. മൻസൂർ അലിയുടെ പരാതിയിൽ ഹൈക്കോടതി ബാങ്കിലെ നിയമന നടപടികൾ നിർത്തിവയ്‌ക്കാൻ ഉത്തരവിട്ടിരുന്നു.
ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതിയെ കുറിച്ച് അന്വേഷിച്ച് രണ്ട് മാസത്തിനകം സഹകരണ ജോയിന്‍റ് രജിസ്ട്രാർ റിപ്പോർട്ട് നൽകണമെന്നും ജോയിന്‍റ് രജിസ്ട്രാറുടെ അന്തിമ റിപ്പോർട്ട് പ്രകാരം മാത്രമെ ബാങ്ക് നിയമനം നടത്താവൂവെന്നുമാണ് ഉത്തരവിൽ പറയുന്നത്. യുഡിഎഫ് ഭരണ സമിതിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് തന്നെ പരാതി ഉയർത്തിയതോടെ ഇതെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും അഴിമതിക്കാരെ പുറത്തുകൊണ്ടുവരണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.
നേതാക്കൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ യുഡിഎഫിലും കോൺഗ്രസിലും വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് നേതൃത്വം ഭയക്കുന്നു. കോൺഗ്രസ് പ്രവർത്തകൻ തന്നെ പരാതിയുമായി രംഗത്തുവന്നതാണ് ഇത്തരം നടപടി എടുക്കാൻ നേതൃത്വം നിർബന്ധിതരായത്.