പാലക്കാട്: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥിയെ വീടുകയറി ആക്രമിച്ചതായി പരാതി. വല്ലപ്പുഴ പതിനഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന നജ്‌മക്ക് നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണം ഉണ്ടായത്. കയ്യില്‍ പരിക്കേറ്റ നജ്‌മ ആശുപത്രിയിൽ ചികിത്സ തേടി. പട്ടാമ്പി പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 8 മണിയോടെയാണ് സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം ഉണ്ടായത്. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ആയിരുന്ന നജ്‌മ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് 14 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഫലം വന്ന ദിവസം വിജയിച്ച പാർട്ടികളുടെ ആഹ്ളാദ പരിപാടികൾ നടക്കുന്ന സമയത്താണ് ആക്രമണം. വ്യക്തിപരമായി വിരോധമില്ലന്നും രാഷ്ട്രീയപരമായ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥാനാര്‍ഥി പറഞ്ഞു.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നേതാക്കൾ സന്ദർശിച്ചു. തെരഞ്ഞെടുപ്പിൽ തോൽവിയും ജയവും സ്വാഭാവികമാണ്. എന്നാൽ പരാജയപ്പെട്ട യുഡിഎഫ് നേതാക്കൾക്ക് നേരെയുള്ള ആക്രമണത്തിനെതിരെ ശകതമായി പ്രതിഷേധിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് സിപി മുഹമ്മദ് പറഞ്ഞു. സംഘത്തിൽ 100ഓളം പേർ ഉള്ളതായി നജ്‌മയുടെ കുടുംബം പറഞ്ഞു. വല്ലപുഴയിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 10 വർഷക്കാലമായി സജീവ പ്രവർത്തകയാണ് നജ്‌മ. പരാതിയുടെ അടിസ്ഥാനത്തിൽ പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചു.