പാലക്കാട്: ഒറ്റപ്പാലത്ത് എഴുപത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. വാഹനത്തിലുണ്ടായിരുന്ന ബിഹാർ മുസാഫിർപൂർ സ്വദേശി വിജയ് ചൗധരിയെയാണ് (36) അറസ്റ്റ് ചെയ്‌തത്.
രണ്ട് പേർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇവരെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് പാലപ്പുറം ചിനക്കത്തൂർക്കാവിനു സമീപം വാഹന പരിശോധനക്കിടെയാണ് കേരളത്തിലേക്ക് കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടു വാഹനങ്ങൾ പിടികൂടിയത്.
കർണാടക രജിസ്ട്രേഷനിലുള്ള ഒരു ലോറിയും കേരള രജിസ്ട്രേഷനുള്ള ഒരു പിക്കപ്പ് വാനിലുമാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിയിരുന്നത്. വാഹനങ്ങൾ അമിത വേഗത്തിലായിരുന്നു. 202 ചാക്കുകളിലായി ഹാൻസും കൂളുമായി 1.40 ലക്ഷം പായ്‌ക്കറ്റുകളാണ് ഉണ്ടായിരുന്നത്.
പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങൾ എവിടെ നിന്നാണ് എത്തിച്ചതെന്ന് അന്വേഷിച്ചു വരികയാണ്. ഉല്‍പന്നങ്ങള്‍ കേരളത്തിലേക്ക് വിൽപ്പനക്കായി എത്തിച്ചതാണെന്ന് കണ്ടെത്തി. രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം സ്‌റ്റേഷന്‍ ഹൗസ് ഓഫീസർ എം സുജിത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വാഹന പരിശോധന നടത്തിയത്.