പാലക്കാട്: "നേരം പുലരുകയും സൂര്യൻ സർവതേജസോടെ ഉദിക്കുകയും കനിവാർന്ന പൂക്കൾ വിരിയുകയും വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും. നാം കൊറോണയ്ക്കെതിരെ പോരാടി വിജയിക്കുകയും ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും" പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ. സ്നേഹയുടെ കവിതയിലെ വരികളാണിത്.
2021-22 സാമ്പത്തിക വർഷത്തിലേക്കുള്ള കേരള ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചത് സ്നേഹയുടെ കവിതയിലെ ഈ വരികൾ കടമെടുത്തു കൊണ്ടായിരുന്നു. കൊവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ തരണം ചെയ്ത് മുന്നോട്ട് വരുന്നുവെന്ന സന്ദേശമാണ് ബജറ്റവതരണത്തിൻ്റെ തുടക്കത്തിൽ വായിച്ച സ്നേഹയുടെ വരികളിലൂടെ ധനമന്ത്രി നൽകിയത്.
കണ്ണൻ രമാദേവി ദമ്പതികളുടെ ഇളയ മകളാണ് സ്നേഹ. മൂത്ത സഹോദരി രുദ്ര കുഴൽമന്ദം ജിഎച്ച്എസിലെ തന്നെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. അച്ചൻ കണ്ണൻ ഓട്ടോറിക്ഷ ഓടിച്ച് സമ്പാദിക്കുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. രക്ഷിതാക്കളുടെ കഷ്ടപ്പാട് അറിയാവുന്ന സ്നേഹ പഠനത്തിലും രചനകളിലും ഉത്സാഹിയാണ്. അധ്യാപകരുടെ പ്രചോദനമാണ് കവിത എഴുതുന്നതിന് പ്രോത്സാഹനമായതെന്ന് ഈ കൊച്ചു മിടുക്കി പറയുന്നു.
കണക്ക് പഠിപ്പിക്കുന്ന ബാബു മാഷാണ് സ്നേഹക്ക് കവിതയിലുള്ള അഭിരുചി തിരിച്ചറിയാൻ സഹായിച്ചത്. വായനയിലെ കമ്പത്തിനോടൊപ്പം അധ്യാപകരുടെ പ്രോത്സാഹനവും കൂടിയായപ്പോൾ സ്നേഹയിലെ കവി പിറവി കൊള്ളുകയായിരുന്നു. പഠനത്തോടൊപ്പം കവിതയും വായനയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് സ്നേഹയുടെ ആഗ്രഹം.