പാലക്കാട്: സ്ഥിരം ഗൈനോകോളജിസ്റ്റ് ഇല്ലാതായതോടെ ദുരിതത്തിലായി അട്ടപാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യല്‍ ആസുപത്രി. ആദിവാസികളടക്കമുള്ള ജനവിഭാഗം അടക്കമുള്ളവര്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് പ്രതിസന്ധിയിലായത്. മുമ്പുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് പ്രസവത്തെ തുടർന്ന് അവധിയിൽ പ്രവേശിച്ചതിനാലാണ് ഈ ബുദ്ധിമുട്ട് നേരിട്ടിരിക്കുന്നത്. റൊട്ടേഷൻ അടിസ്ഥാനത്തിൽ 15 ദിവസങ്ങൾ കൂടുമ്പോൾ പുതിയ ഗൈനക്കോളജിസ്റ്റ് വന്ന് ചുമതലയെടുക്കാറാണ് കഴിഞ്ഞ ആറുമാസമായുള്ള പതിവ്. ഇതിനോടകം 12 ഡോക്ടർമാർ സേവനമനുഷ്ഠിച്ചു കഴിഞ്ഞു.
ഓഗസ്റ്റ് 31ന് നിലവിലെ ഡോക്ടര്‍ കാലവധി പൂര്‍ത്തിയാക്കി മടങ്ങി. ഇതോടെ ആശുപത്രിയില്‍ ഗൈനോകോളജിസ്റ്റിന്‍റെ സേവനം ലഭ്യമല്ല. പുതിയ ഗൈനക്കോളജിസ്റ്റ് ചുമതലയെടുത്തതിനു ശേഷമേ സേവനമവസാനിപ്പിക്കാവൂ എന്ന വ്യവസ്ഥ മറികടന്നാണ് ഗൈനക്കോളജിസ്റ്റ് പടിയിറങ്ങിയത്. കാലാവധി തീരുന്ന മുറയ്ക്ക് മറ്റൊരു ഗൈനക്കോളജിസ്റ്റിനെ ഏർപ്പാടാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിനും വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സംഘടന ഈ വിഷയത്തിൽ പ്രതികൂലമായി ഇടപെടുന്നുവെന്ന ആരോപണവുമുണ്ട്.
പുതിയ ഡോക്ടർമാർ മാറി വരുമ്പോൾ തങ്ങളുടെ കേസ് ഹിസ്റ്ററി ആദ്യം മുതലേ പറഞ്ഞു തുടങ്ങേണ്ട അവസ്ഥയാണുള്ളത് ഗര്‍ഭിമികള്‍ അടക്കമുള്ളവര്‍. സ്ഥിരീകമായി ഒരു ഡോക്ടറെ കാണാന്‍ ഇവടെയുള്ളവര്‍ക്ക് കഴിയുന്നില്ലെന്നാണ് പരാതി. ഡോക്ടാര്‍മാര്‍ക്കാകട്ടെ രോഗിയെ അടുത്തറിഞ്ഞ് പരിചരിക്കാനും കഴിയുന്നില്ല.
കഴിഞ്ഞ ദിവസം ഗൈനക്കോളജിസ്റ്റിന്‍റെ അഭാവത്തിൽ പ്രസവകാലഘട്ടത്തിൽ സങ്കീർണത നേരിട്ട യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. ഗർഭിണിയുമായി പുറപ്പെട്ട ആംബുലൻസ് വണ്ണാന്തറ മേടിൽ വെച്ച് അപകടത്തിൽ പെടുകയും ചെയ്തു. അട്ടപ്പാടിയിൽ സാധാരണക്കാർക്ക് വിദഗ്ദ പ്രസവശുശ്രൂഷ നൽകണമെങ്കിൽ രണ്ട് ജൂനിയർ കൺസൾട്ടന്‍റെനേയും ഒരു സീനിയർ കൺസൾട്ടന്‍റിനേയും ഗൈനക്കോളജി വിഭാഗത്തിൽ നിയമിക്കണമെന്നാണ് ആവശ്യം. 150-ഓളം കിടക്കകളുള്ള സർക്കാർ ആശുപത്രി 54 കിടക്കകള്‍ക്കുള്ള സ്റ്റാഫ് പാറ്റേണുമായാണ് പ്രവര്‍ത്തിക്കുന്നത്. 150 കിടക്കകൾക്ക് ആനുപാതികമായ സ്റ്റാഫ് പാറ്റേൺ അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.