പാലക്കാട്: പട്ടാമ്പി മുതുതലയിലെ മൊബൈൽ ഷോപ്പിൽ വീണ്ടും മോഷണം. 20 ദിവസത്തിനുള്ളിൽ സമാനമായ തരത്തിൽ മോഷണശ്രമം നടന്നത് രണ്ട് തവണ. ആദ്യ തവണ വിലപിടിപ്പുള്ള അഞ്ച് മൊബൈൽ ഫോണുകൾ മോഷണം പോയി. രണ്ടാം തവണ നടന്ന മോഷണ ശ്രമം പരാജയപ്പെട്ടപ്പോൾ മോഷ്ടാക്കൾ കടന്നുകളയുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. മുതുതല സെന്‍ററിൽ പട്ടാമ്പി റോഡിലുള്ള കെ.എം മൊബൈൽസിലാണ് ദിവസങ്ങൾക്കുള്ളിൽ സമാനമായ രീതിയിൽ മോഷണ പരമ്പര അരങ്ങേറിയത്.
ഒക്ടോബർ നാലിനാണ് ആദ്യ മോഷണം ഉണ്ടായത്. അന്ന് വിലപിടിപ്പുള്ള അഞ്ച് സ്മാർട്ട് ഫോണുകൾ നഷ്ടപ്പെട്ടു. കടയുടമ മുനീറുൽ ഹഖിന്‍റെ പരാതിയിൽ പട്ടാമ്പി പൊലീസ് കേസ് അന്വേഷിക്കവെയാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവ് സഹിതം കടയുടമ വീണ്ടും പൊലീസിൽ പരാതി നൽകി. കടയുടെ ഗ്ലാസ് വാതിൽ തകർത്ത് ഉള്ളിൽ കയറിയ രണ്ടുപേർ ഷട്ടർ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ കടന്നുകളയുന്ന രംഗമാണ് സി.സി.ടി.വിയിൽ പതിഞ്ഞത്. മോഷ്ടാക്കൾ ഗ്ലാസ് വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ ദേഹത്ത് മുറിവേറ്റതിന്‍റെ രക്തപ്പാടുകളും മറ്റു സാഹചര്യത്തെളിവുകളും ദൃശ്യമാണ്. മോഷ്ടാക്കൾ ഉപേക്ഷിച്ചത് എന്ന് കരുതുന്ന സൈക്കിൾ മുതുതല കൊപ്പം റോഡിൽ ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ടെത്തി.