പാലക്കാട്: യാത്രാ ഇളവുകൾ പ്രഖ്യാപിച്ച മൂന്നാം ദിനവും വാളയാറിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ വൻ തിരക്ക്. ചൊവ്വാഴ്ച തിരക്ക് കാരണം പരിശോധനാ കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയർന്ന സാഹചര്യത്തിൽ പൂർണമായും സാമൂഹിക അകലം പാലിച്ചാണ് പരിശോധന നടത്തുന്നത്.
റെഡ് സോണിൽ നിന്നെത്തുന്നവരുടെ ക്വാറന്‍റൈൻ സംബന്ധിച്ച് ചൊവ്വാഴ്ച ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. റെഡ് സോണിൽ നിന്നും എത്തുന്നവരെ അവരവരുടെ പ്രദേശങ്ങളിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാകും ക്വാറന്‍റൈനിലാക്കുക. ഇവരുടെ വിവരങ്ങൾ അതത് പൊലീസ് സ്റ്റേഷനുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും അറിയിക്കും.
ഇന്നു മുതൽ കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിലേക്കും ആളുകളെ കടത്തിവിടാൻ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് പോകാനും നിരവധി പേർ എത്തിച്ചേരുന്നുണ്ട്. എന്നാൽ ഇവരെ പരിശോധിക്കാന്‍ തമിഴ്നാട് ചെക്ക്പോസ്റ്റുകളിൽ വലിയ താമസം നേരിടുന്നു. ഇതും തിരക്കു കൂടാൻ കാരണമാകുന്നുണ്ട്.