പാലക്കാട്:കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം പണിമുടക്കന്‍റെ ഭാഗമായി അടഞ്ഞു കിടക്കുകയാണ്. അധികം വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല. പത്ത് ദേശീയ ട്രേഡ് യൂണിയനുകളും ബാങ്ക്, ഇന്‍ഷുറന്‍സ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കര്‍ഷകത്തൊഴിലാളികളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപവീതം നല്‍കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പ് തൊഴില്‍ദിനങ്ങള്‍ 200 ആക്കുക, വേതനം വര്‍ധിപ്പിക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, കര്‍ഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിന്‍വലിക്കുക, കേന്ദ്ര സര്‍വീസ് പൊതുമേഖലാ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുന്നത് നിര്‍ത്തുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, പുതിയ പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പിഎഫ് പെന്‍ഷന്‍ പദ്ധതി മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.