പാലക്കാട്: മുതുതല ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് പ്രാദേശിക തലത്തിൽ രൂപീകരിച്ച ദുരന്ത നിവാരണ കർമസമിതി അംഗങ്ങൾക്ക് ഫയർ ഫോഴ്‌സിന്‍റെയും പൊലീസിന്‍റെയും സഹകരണത്തോടെ പരിശീലനം ആരംഭിച്ചു. പ്രളയം, മണ്ണിടിച്ചിൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ നടത്തേണ്ട പ്രാഥമികമായി രക്ഷാപ്രവർത്തനമാർഗങ്ങളെ കുറിച്ച് ഷൊർണൂർ ഫയർ ഫോഴ്‌സിന്‍റെയും പട്ടാമ്പി പൊലീസിന്‍റെയും നേതൃത്വത്തിൽ പരിശീലനം നൽകി.
മുതുതല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 20 വയസിനു 35 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കളാണ് കർമ സമിതിയിൽ ഉള്ളത്. ഉൾ പ്രദേശങ്ങളിൽ അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ ഫയർ ഫോഴ്‌സ് പൊലീസ് എന്നിവ എത്തി ചേരാനുളള സമയത്തിനുള്ളിൽ കർമ സമിതി പ്രവർത്തകരെ കൊണ്ട് രക്ഷാപ്രവർത്തനം നടത്തുക എന്നതാണ് കർമ സമിതി കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എം നീലകണ്‌ഠൻ പറഞ്ഞു.