പാലക്കാട്: തേങ്കുറിശി അനീഷ് വധക്കേസിൽ ആക്രമണത്തിന് ഉപയോഗിച്ച കമ്പിയും മറ്റ് ആയുധങ്ങളും പ്രതികള്‍ ഉപയോഗിച്ച ബൈക്കും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതികളായ അനീഷിന്‍റെ ഭാര്യാപിതാവ് പ്രഭുകുമാർ(43), അമ്മാവൻ സുരേഷ്(45)എന്നിവർ ഉപയോഗിച്ച മൊബൈൽ ഫോണുകളും ഹാജരാക്കും.
പ്രതികളുടെ റിമാൻഡ് കാലാവധി ജനുവരി 22വരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നീട്ടിയിരുന്നു. തുടരന്വേഷണത്തിന് പ്രതികളെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. നിലവിലെ മൊഴികളും രേഖകളും പരിശോധിച്ചശേഷം ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് ശ്രമം.