പാലക്കാട്: തത്തമംഗലം ചിന്മയ വിദ്യാലയത്തിൽ സ്പെഷ്യൽ ഫീസ് നൽകാത്തതിനെ തുടർന്ന് വിദ്യാർഥികളെ പുറത്താക്കിയ സംഭവത്തിൽ രക്ഷിതാക്കൾ കുടിൽ കെട്ടി സമരം ആരംഭിച്ചു. നൂറോളം രക്ഷിതാക്കളാണ് സ്‌കൂളിന് മുന്നിൽ സമരം നടത്തുന്നത്. സംഭവത്തിൽ വിവിധ വിദ്യാർഥി സംഘടനകളും സ്‌കൂളിലേക്ക് മാർച്ച് നടത്തി.
പഠനം ഓൺലൈൻ ആക്കിയെങ്കിലും സ്പെഷ്യൽ ഫീസ് നൽകണമെന്നായിരുന്നു മാനേജ്മെന്‍റിന്‍റെ തീരുമാനം. ഇത് നൽകാത്തതിനെ തുടർന്ന് വിദ്യാർഥികളെ സ്‌കൂൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്രതിഷേധക്കാരെ സ്‌കൂൾ ഗേറ്റിൽ വെച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധ മാർച്ചുമായി എത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർ സ്‌കൂൾ ഗേറ്റ് തള്ളിത്തുറന്നത് സംഘർഷത്തിനിടയാക്കി. പുറത്താക്കിയ മുഴുവൻ കുട്ടികളെയും തിരിച്ചെടുക്കും വരെ പ്രതിഷേധം തുടരാനാണ് രക്ഷിതാക്കളുടെയും വിദ്യാർഥി സംഘടനകളുടെയും തീരുമാനം.