പാലക്കാട്: പാലക്കാടൻ ഗ്രാമീണ ജീവിതത്തിൽ നിർണായക സ്ഥാനമായിരുന്നു ഒരു കാലത്ത് കരിമ്പനകൾക്ക്. ഖസാക്കിന്‍റെ ഇതിഹാസത്തിൽ കഥാനായകൻ വന്നിറങ്ങുന്ന ആദ്യ അധ്യായത്തിൽ തന്നെ ചുരം കടന്ന് വരുന്ന കിഴക്കൻ കാറ്റ് കരിമ്പനക്കാടുകളിലേക്ക് വീശിയടിക്കുന്നതിനെക്കുറിച്ച് ഒ വി വിജയൻ എഴുതുന്നുണ്ട്. ഖസാക്കിൽ മാത്രമല്ല പാലക്കാടിനെക്കുറിച്ച് പറഞ്ഞ കഥകളിലും പാടിയ പാട്ടുകളിലുമെല്ലാം കരിമ്പനകൾ ഒരു കഥാപാത്രമായിരുന്നു. അത്രമേൽ ആ നാടിന്‍റെ ജൈവപരിസ്ഥിതിയിലും സാമൂഹ്യ ജീവിതത്തിലും സ്വാധീനം ചെലുത്തിയിരുന്ന ഈ വൃക്ഷം പക്ഷേ ഇന്നാട്ടിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പനയോല മേയുന്ന വീടുകൾക്കു പകരം കോൺക്രീറ്റ് കെട്ടിടങ്ങളും ദാഹമകറ്റാൻ പന നൊങ്കിന് പകരം പലതരം കൃത്രിമ ശീതള പാനിയങ്ങളും എത്തിയതോടെ പനമരങ്ങളെ മനുഷ്യർ കാലത്തോടൊപ്പം ഉപേക്ഷിച്ചു.
എന്നാൽ ആരാലും അവഗണിക്കപ്പെടുന്ന ഈ കാലത്തും കരിമ്പനകളെ നട്ടും നനച്ചും പരിപാലിക്കുന്ന ഒരാളുണ്ട് പാലക്കാട്, കല്ലൂർ ബാലൻ. കഴിഞ്ഞ ഇരുപത് വർഷമായി പാലക്കാട് ജില്ലയിലെ തരിശ് ഭൂമികളിലെല്ലാം പനം തൈകൾ നട്ടുപിടിപ്പിക്കുകയാണ് ഇദ്ദേഹം. നടുക മാത്രമല്ല പിന്നീട് വെള്ളമൊഴിക്കാനും പരിചരിക്കാനുമൊക്കെയായി രക്ഷകർത്താവിനെപ്പോലെ ഇദ്ദേഹം കരിമ്പനതൈകൾക്കൊപ്പമുണ്ടാകും. മുണ്ടൂരിനടുത്ത് കല്ലൂരെന്ന ചെറു ഗ്രാമത്തിൽ നിന്നും ഇത്തരത്തിൽ പച്ചക്കുപ്പായവും ധരിച്ച് പനങ്കാടുകൾ സ്വപ്നം കണ്ടിറങ്ങാൻ ബാലനെ നയിക്കുന്നത് ഉന്നതമായൊരു പാരിസ്ഥിതികാവബോധമാണ്.
മറ്റ് വൃക്ഷങ്ങളെ അപേഷിച്ച് പനകൾക്ക് കാർബൺ ഡൈ ഒക്സൈഡിനെ കൂടുതലായി ആഗീരണം ചെയ്യാൻ സാധിക്കുമെന്നും ഇടതൂർന്ന് വളരുന്ന പനവേരുകൾക്ക് ഭൂമിയിൽ വലിയൊരളവിൽ ജലാംശം തടഞ്ഞു നിർത്താനാകുമെന്നുമുള്ള ശാസ്‌ത്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇതുവരെ എതാണ്ട് ഒരു ലക്ഷത്തിലധികം പനകൾ ഇദ്ദേഹം നട്ടുവളർത്തിയിട്ടുണ്ട്. തന്‍റെ സ്വന്തം പിക്ക് അപ്പ് വാനിൽ തന്നെയാണ് തൈകൾ നനയ്ക്കാൻ വെള്ളമെത്തിക്കുന്നത്.വേനൽകത്തിക്കാളാറുള്ള പാലക്കാടിന്‍റെ മണ്ണിൽ കുടിനീരു കാത്തു വയ്ക്കുന്ന കരിമ്പനകളെ സംരക്ഷിക്കാൻ ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും മാറ്റിവയ്ക്കുന്ന ബാലൻ പാരിസ്ഥിതിക രംഗത്ത് ഒട്ടേറെ മറ്റ് ഇടപെടലുകളും നടത്തുന്നുണ്ട്. മാർക്കറ്റുകളിൽ നിന്നും ഉപേക്ഷിക്കുന്ന പഴങ്ങളും മറ്റും ശേഖരിച്ച് വനാതിർത്തികളിലെത്തിച്ച് മൃഗങ്ങൾക്ക് നൽകുന്നതും അവയ്ക്ക് കുടിവെള്ളം നൽകുന്നതുമെല്ലാം ഇദ്ദേഹത്തിന്‍റെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. കൂടാതെ മറ്റനേകം വൃക്ഷ തൈകളും നട്ട് പരിപാലിക്കുന്നു.
ഈ പ്രവർത്തനങ്ങളുടെയൊക്കെ അംഗീകാരമായി 2011 ൽ സംസ്ഥാന സർക്കാരിന്‍റെ വനമിത്ര പുരസ്ക്കാരവും 2015ൽ ജൈവവൈവിധ്യ പുരസ്ക്കാരവും കല്ലൂരുകാരുടെ പ്രീയപ്പെട്ട ബാലേട്ടനെ തേടി എത്തിയിട്ടുണ്ട്. അവാർഡ് നേട്ടങ്ങളിൽ സ്വയം മറന്നിരിക്കാതെ ഇപ്പോഴും തന്‍റെ കർമ മണ്ഡലത്തിൽ മുഴുകിയിരിക്കുകയാണ് ഈ എഴുപതുകാരൻ. ഇനിയുമേറെ ചെയ്ത് തീർക്കാനുണ്ടെന്ന ബോധ്യത്തിൽ.