പാലക്കാട്: അട്ടപ്പാടിയിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഭവാനി പുഴ കര കവിഞ്ഞൊഴുകി. ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താവളം പാലം വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗതവും തടസപ്പെട്ടു. ചുരത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 33 കെവി ലൈനിൻ്റെ ടവർ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. ഒമ്പതാം മൈൽ വെള്ളച്ചാട്ടത്തിന് സമീപമാണ് ടവർ വീണത്. രാവിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. താവളത്തും ചുരത്തിൽ രണ്ടിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ ഉൾഗ്രാമങ്ങളിലെ റോഡുകളെല്ലാം മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. ഭാരതപ്പുഴക്ക് കുറുകെ ഉള്ള വെള്ളിയാം കല്ല് റെഗുലേറ്റർ ഷട്ടറുകൾ തുറന്നു. നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും തിരുവേഗപ്പുറ കൈപ്പുറത്ത് വീടിന് മുകളിൽ മരം വീണു. വീടിന്‍റെ മേൽക്കൂര ഭാഗികമായി തകർന്നു. ഷോളയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ മുകളിലേക്കും മരം വീണു. സംഭവങ്ങളില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും ചെറിയ തോതില്‍ നാശ നഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.