പത്തനംതിട്ട: കൊവിഡ് ഭീഷണി നിലനിൽക്കെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പന്തളത്ത് നടക്കുന്ന വഴിയോര വ്യാപാരം നിരോധിച്ചുകൊണ്ട് നഗരസഭ സെക്രട്ടറി ഉത്തരവിറക്കി. കടയ്ക്കാട് മൽസ്യ മാർക്കറ്റ് ഏഴുദിവസത്തേക്ക് അടച്ചിടാനും തീരുമാനമായി.
കണ്ടെയ്മെന്‍റ് സോണുകളിൽ നിന്നുള്ള വ്യാപാരികൾ അടക്കം വഴിയോര കച്ചവടത്തിൽ സജീവമാണ്. ലോക്ക് ഡൗൺ നിയന്ത്രങ്ങളിൽ ഇളവ് വന്നതോടെയാണ് പച്ചക്കറി പഴവർഗങ്ങളുടെ വഴിയോര വ്യാപാരം വർധിച്ചത്. വഴിയോര കച്ചവടം വർധിച്ചതോടെ നഗരത്തിലെ ഗതാഗത കുരുക്കും രൂക്ഷമായി. വഴിയോര വ്യാപാരികളിൽ നിന്നും ഉൽപന്നങ്ങൾ വാങ്ങാൻ എത്തുന്നവർ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുൻപ് തന്നെ പന്തളത്തെ പ്രധാന പാതകൾക്ക് ഇരുവശവുമുള്ള വഴിയോര വ്യാപാരം നഗരസഭയും പൊലീസും ചേർന്ന് ഒഴിപ്പിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗണിന് ശേഷം വഴിയോര വ്യാപാരം സജീവമാവുകയായിരുന്നു. അയൽ സംസ്ഥാനത്ത് നിന്നടക്കം വ്യാപാരികൾ എത്തുന്ന സാഹചര്യത്തിലാണ് ഏഴു ദിവസത്തേക്ക് മാർക്കറ്റ് അടയ്ക്കാൻ തീരുമാനിച്ചതെന്ന് നഗരസഭാ സെക്രട്ടറി ബിനുജി പറഞ്ഞു.