ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കൺവീനർ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം തിരൂര്‍ ഡിവൈഎസ്പി അന്വേഷിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക് നാഥ് ബെഹ്റക്ക് നല്‍കിയ പരാതി തൃശ്ശൂര്‍ റേഞ്ച് ഐജിക്ക് കൈമാറി. ലൈംഗിക ചുവയോടെ സംസാരിച്ചതിന് കേസെടുക്കണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.
രമ്യ ഹരിദാസ് ഇന്നലെ പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പൊന്നാനിയിലെ പൊതുയോഗത്തിലാണ് എ വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയത്. കോഴിക്കോട്ടെ യോഗത്തിലും വിജയരാഘവന്‍ തനിക്കെതിരെ മോശമായി സംസാരിച്ചെന്നും രമ്യയുടെ പരാതിയിലുണ്ട്.
വിജയരാഘവനെതിരെ സംസ്ഥാന വനിത കമ്മീഷനും രംഗത്ത് എത്തി. വനിത കമ്മീഷന്‍റെ നിയമ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത വേണമായിരുന്നു. പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ മര്യാദ പാലിക്കണമെന്നും സംസ്ഥാന വനിത കമ്മീഷന്‍ വിലയിരുത്തി.