പാലക്കാട്: കാട്ടാന 'പിടി 7'നെ മയക്കുവെടിവച്ച് പിടിച്ച് വയനാട്ടിലെത്തിച്ച് പാർപ്പിക്കാനുള്ള കൂട് നിർമാണത്തിന് മഴ തടസം. വയനാട് മുത്തങ്ങയിൽ നാലുദിവസമായി തുടരുന്ന മഴയാണ് പ്രശ്‌നമാകുന്നത്. കൂടിനാവശ്യമായ യൂക്കാലി മരങ്ങളുടെ ലേലം പൂർത്തിയാക്കി കൂടിന്‍റെ പണി ആരംഭിച്ചതും മഴയെത്തി.
15 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള കൂടാണ് ഒരുക്കുന്നത്. മഴ മാറിയാൽ ഒരാഴ്‌ചയ്ക്കകം പണി പൂർത്തിയാക്കാനാണ് തീരുമാനം. കൂട് പൂർത്തിയായാൽ ആനയെ പിടിക്കാൻ മുത്തങ്ങയിൽ നിന്ന് പ്രത്യേകസംഘം ധോണി വനമേഖലയിലെത്തും. കുങ്കികളും മയക്കുവെടി വിദഗ്‌ധരും ഡോക്‌ടർമാരും ഇവർക്കൊപ്പം ഉണ്ടാകും.
രണ്ടാഴ്‌ച മുമ്പ് ധോണിയിലെത്തിയ ആദ്യസംഘം, പിടി 7നെ നിരീക്ഷിക്കുന്നുണ്ട്. ആനയുടെ സഞ്ചാരം, പകൽ സമയത്ത് നിലയുറപ്പിക്കുന്ന സ്ഥലം എന്നിവ മനസിലാക്കാനായി നിരീക്ഷണം ശക്തമാക്കി. മയക്കുവെടിവയ്ക്കാൻ അനുയോജ്യമായ സ്ഥലത്തേക്ക് ആനയെ എത്തിക്കാനാവശ്യമായ പദ്ധതികൾ നിലവിൽ ആലോചിക്കുകയാണ്.
കഴിഞ്ഞ ദിവസവും ഈ ആന ധോണിയിൽ കൃഷി നശിപ്പിച്ചു. കുന്നത്തുകുളത്ത് പ്രേമദാസന്‍റെ നെൽകൃഷിയാണ് നശിപ്പിച്ചത്. വനംവകുപ്പ് ജീവനക്കാരുമായി കർഷകസംഘം നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് പ്രദേശത്ത് വലിയ ലൈറ്റ് സ്ഥാപിക്കാനും നെല്ല് കൊയ്തെടുക്കുന്നതുവരെ പിക്കറ്റ് ഏർപ്പെടുത്താനും തീരുമാനമായി.