പാലക്കാട്: വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്നും അമിതമായി ടോൾ പിരിക്കുന്നതിനെതിരെ ഉടമകൾ നടത്തുന്ന അനിശ്ചിതകാല സമരവും സർവീസ് നിർത്തിവച്ചുള്ള സമരം മൂന്നിന് അവസാനിപ്പിക്കും. ഞായറാഴ്ച വടക്കഞ്ചേരിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് അനുഭാവപൂർണ്ണമായ തീരുമാനം ഉണ്ടാക്കാൻ കരാർ കമ്പനി തയ്യാറാവാത്തതിനെ തുടർന്ന് പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചു.
മൂന്നാം തിയ്യതി സമരം അവസാനിപ്പിച്ച് നാല് മുതൽ ടോൾ പ്ലാസയിലൂടെ ടോൾ നൽകാതെ സർവീസ് നടത്തും. ബാരിയർ ഇടിച്ച് മാറ്റിയായിരിക്കും സർവീസ്. കരാർകമ്പനി നിർബന്ധിച്ച് ടോൾ പിരിക്കാൻ തയ്യാറായാൽ ശക്തമായ പ്രതിഷേധം ഉയർത്താനും തീരുമാനമായി. ഇതിന് പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്നും ഉടമ പ്രതിനിധികൾ പറഞ്ഞു. സമരം അവസാനിപ്പിക്കുന്ന ദിവസം ഈ മാസം മൂന്നിന് ടോൾ പിരിക്കുന്ന കരാർ കമ്പനിയുടെ സിഇഒയുടെ വസതിയിലേക്ക് മാർച്ച് നടത്തും.
പ്രതിമാസം 10540 രൂപ ടോൾ നല്‍കാന്‍ ബസുടമകൾ തയ്യാറായിട്ടും അത് അംഗീകരിക്കാൻ കരാർ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. യോഗത്തിൽ പിപി സുമോദ് എംഎൽഎ അധ്യക്ഷനായി. ബസ് ഉടമ പ്രതിനിധികളായ ജോസ് കുഴുപ്പിൽ, ടി ഗോപിനാഥ്, ബിബിൻ ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.
Also Reach : പണി പൂർത്തിയായില്ല; പന്നിയങ്കരയിൽ ടോൾ പിരിക്കാൻ അനുമതി തേടി കരാർ കമ്പനി