പാലക്കാട്: കൊവിഡ് പശ്ചാത്തലത്തിൽ പട്ടാമ്പി മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ ബസുകളിലും ഓട്ടോകളിലും പ്രതിരോധ പ്രവർത്തന മാർഗ നിർദേശങ്ങളുടെ പോസ്റ്റർ പതിച്ചു. സാമൂഹിക അകലത്തിന്‍റെ ഭാഗമായി ബസുകളിൽ കയറുന്നത് പുറകിലെ വാതിൽ വഴിയും ഇറങ്ങുന്നത് മുൻപിലെ വാതിൽ വഴിയുമാണ്. ബസിന്‍റെ പുറകിലത്തെ സീറ്റിന്‍റെ മുകളിലായാണ് നിർദേശങ്ങളുടെ പോസ്റ്റർ പതിക്കുന്നത്. ഓട്ടോറിക്ഷയിൽ പുറകിലത്തെ സീറ്റിന്‍റെ സൈഡിലായി പോസ്റ്റർ പതിച്ചു.
കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വാഹന തൊഴിലാളികളും വാഹന യാത്രികരും പാലിക്കേണ്ട മുൻകരുതലുകളാണ് പോസ്റ്ററിലെ ഉള്ളടക്കം . പട്ടാമ്പി ജോയിന്‍റ് ആർടിഒ ,സി.യു മുജീബിന്‍റെ നേതൃത്വത്തിലാണ് വാഹനങ്ങളിൽ ബോധവത്കരണം നടത്തുന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോയ്‌സൻ, മുഹമ്മദ് അഷ്റഫ് എന്നിവരാണ് പോസ്റ്റർ ബോധവത്കരണവുമായി നിരത്തുകളിൽ സജീവമാകുന്നത്.