പാലക്കാട്: ഷൊർണൂർ എംഎൽഎ പികെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിയേക്ക് തിരിച്ചെടുക്കാൻ തീരുമാനം. ജില്ലാ കമ്മിറ്റി യോഗം ഇക്കാര്യം സംസ്ഥാന സമിതിയോട് ശുപാർശ ചെയ്തു. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതിയെ തുടര്‍ന്ന് പികെ ശശിക്കെതിരെ പാർട്ടി നടപടി എടുത്തിരുന്നു. തുടര്‍ന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്‍റ് ചെയ്തു.
2018 നവംബർ 26 നാണ് ശശിക്കെതിരെ പാർട്ടി നടപടി വന്നത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞതോടെ 2019 ൽ ശശിയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ച് എടുത്തിരുന്നു. സിപിഐഎം കേന്ദ്ര കമ്മറ്റിയംഗങ്ങളായ എകെ ബാലൻ, പികെ ശ്രീമതി എന്നിവരായിരുന്നു യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയത്. ഇവരുടെ ശുപാർശ പ്രകാരമായിരുന്നു പികെ ശശിയെ പാർട്ടി സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ കാലാവധികഴിഞ്ഞതിന് തൊട്ടുപിന്നാലെ ശശിയെ ജില്ലാ കമ്മറ്റിയിലെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.