പാലക്കാട്: 'അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' എന്ന ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനവും പപ്പറ്റ് ഷോയ്ക്കും പാലക്കാട് തുടക്കം. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്‌തു.
കിഫ്ബി, പ്ലാന്‍ ഫണ്ടുകള്‍, മറ്റു സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ അനിവാര്യമാണെന്ന് കെ. ബിനുമോള്‍ പറഞ്ഞു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. സേതുമാധവന്‍ അധ്യക്ഷനായി.
പ്രദര്‍ശനത്തിനോടനുബന്ധിച്ച് കേന്ദ്രസംഗീത നാടക അക്കാദമിയുടെ ഉസ്‌താദ് ബിസ്‌മില്ലാ ഖാന്‍ പുരസ്‌കാര ജേതാവും പത്മശ്രീ രാമചന്ദ്ര പുലവരുടെ മകനുമായ രാജീവ് പുലവരുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്‍റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പപ്പറ്റ് ഷോ ശ്രദ്ധേയമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വിവിധ വകുപ്പുകള്‍ മുഖേന സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വീഡിയോകളും പ്രദര്‍ശിപ്പിച്ചു.