പാലക്കാട്: വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ രുദ്രക്ക് പട്ടാമ്പി പള്ളിപ്പുറം പിസിസി ക്ലബ്ബിന്റെ ഗാർഡ് ഓഫ് ഓണർ. കുട്ടിത്താരത്തിന്റെ കായിക സ്വപ്നം യാഥാർഥ്യമാക്കാൻ ക്രിക്കറ്റ് പരിശീലന ക്ലബ്ബായ പിസിസി ഇനി ഒപ്പമുണ്ടാകും. തൃശൂരിൽ ക്രിക്കറ്റ് പരിശീലനം നടത്തുകയാണ് ഈ നാലാം ക്ലാസുകാരി.
രുദ്ര വീട്ടിൽ ക്രിക്കറ്റ് പരിശീലനം ചെയ്യുന്ന വീഡിയോ അച്ഛൻ വിപിനാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിരവധി ട്രോൾ ഗ്രൂപ്പുകളും സ്പോർട്സ് പേജുകളും വീഡിയോ ഏറ്റെടുത്തതോടെ രുദ്രയുടെ കായിക മികവ് നാടറിഞ്ഞു. വി.ടി ബൽറാം എംഎൽഎ ഉൾപ്പെടെ നിരവധി പേർ രുദ്രയുടെ വീട്ടിലെത്തി അനുമോദനം അറിയിച്ചു. രുദ്രയ്ക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്ന് പിസിസി ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.
പള്ളിപ്പുറം സ്വദേശികളായ വിപിന്റെയും രേഷ്മയുടെയും മകളാണ് രുദ്ര. രുദ്രയുടെ പിതാവും പിസിസി ക്ലബ്ബിന്റെ ആദ്യകാല ബാറ്റ്സ്മാൻ ആയിരുന്നു. തൃശൂരിൽ മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ ചീഫ് കോച്ച് ശശിധരൻ നേതൃത്വം നൽകുന്ന ക്രിക്കറ്റ് ക്യാമ്പിലും രുദ്ര പങ്കെടുക്കുന്നുണ്ട്.