പാലക്കാട്: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ(10.03.2022) ടോൾപിരിവ് ആരംഭിക്കുമെന്ന് ദേശീയപാതാ അതോറിറ്റി. ടോൾ പിരിവിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. ടോൾ പിരിവ് മുന്നിൽ കണ്ട് മാസങ്ങൾക്കുമുമ്പ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
ടോൾ നിരക്ക് കരാർ കമ്പനി പരസ്യപ്പെടുത്തിയിട്ടുണ്ട്. വടക്കഞ്ചേരി മുതൽ മണ്ണുത്തിവരെ തുരങ്കമുൾപ്പെടെ 25.725 കിലോമീറ്ററാണുള്ളത്. നിർമാണത്തിന് 1,286 കോടി രൂപ ചെലവായെന്നും തുരങ്കത്തിനുമാത്രം 165 കോടി രൂപ ചെലവായതായും ദേശീയപാതാ അതോറിറ്റി പറയുന്നു.
പ്രദേശവാസികൾക്ക് 285 രൂപ നിരക്കിൽ പ്രതിമാസ പാസ് അനുവദിക്കുമെന്നും ഉത്തരവിലുണ്ട്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് ഈ ആനുകൂല്യം. കാർ, ജീപ്പ്, വാൻ തുടങ്ങിയ ലൈറ്റ് മോട്ടോഴ്‌സിന് ഒരു വശത്തേക്ക് മാത്രം 90 രൂപയാണ് നിരക്ക്. ഇരുവശത്തേക്കും 135 രൂപ കൊടുക്കണം.
ഇരുവശത്തേക്കും പാസെടുക്കുന്നവർ 24 മണിക്കൂറിനകം തിരികെവരണം. ലൈറ്റ് കൊമേഴ്സ്യൽ, ചെറിയ ഭാരവാഹനങ്ങൾ, മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 140 രൂപയും, ഇരുവശത്തേക്കുമായി 210 രൂപയും ഈടാക്കും, ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങൾക്ക് യഥാക്രമം 280, 425 രൂപയും ഈടാക്കും.
ഹെവി കൺസ്ട്രക്‌ഷൻ, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 430, 645 രൂപയും, ഓർഗനൈസ്ഡ് വാഹനങ്ങൾക്ക് 555, 830 എന്നിങ്ങനെയാണ് ടോൾ നിരക്ക്. മാസം 50 തവണയിൽ കൂടുതൽ പോകുന്ന വാഹനങ്ങൾക്ക് മൊത്ത സംഖ്യയിൽ 33 ശതമാനം ഇളവ് അനുവദിക്കും. ദേശീയപാതയുടെ പണി പൂർത്തീകരിക്കാതെ ടോൾ പിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുണ്ട്.
വടക്കഞ്ചേരിമുതൽ വാണിയമ്പാറവരെയുള്ള സർവീസ് റോഡുകൾ, കുതിരാൻ രണ്ടാം തുരങ്കത്തിന്‍റെ അപ്രോച്ച് റോഡ്, പട്ടിക്കാട് മേൽപ്പാലം തുടങ്ങിയ പ്രധാന പ്രവൃത്തികൾ ഇപ്പോഴും പൂർത്തിയാക്കാനുണ്ട്. ടോൾ പിരിവ് ആരംഭിച്ചശേഷം പണി പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനി നൽകുന്ന വിശദീകരണം. ടോൾ പിരിവിനെതിരെ വിവിധ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
ALSO READ: ഇനി പെണ്‍കരുത്തിലും കുതിക്കാന്‍ 108 ആംബുലന്‍സ്; ആദ്യ വനിത ഡ്രൈവറാകാന്‍ ദീപമോള്‍