പാലക്കാട് : പന്നിയങ്കര ടോൾ പിരിവിൽ പ്രദേശവാസികൾക്ക് സൗജന്യ പാസ് അനുവദിക്കുന്നത് സംബന്ധിച്ച് കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായില്ല. 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് 285രൂപ നൽകി ഒരുമാസം പാസ് അനുവദിക്കാനാണ് കമ്പനി തീരുമാനം.
എന്നാൽ 285 രൂപയുടെ മാസ പാസ് ഒരു വർഷത്തേക്ക് നീട്ടണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ഈ ആവശ്യം കരാർ കമ്പനി അംഗീകരിച്ചില്ല. ഇതോടെ തൽക്കാലം നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചു. വിഷയത്തിൽ പി.പി സുമോദ് എം.എൽ.എ ജില്ല ഭരണാധികാരികൾ മുഖേന ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകും.
Also Read: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ്
പ്രശ്നം പരിഹരിക്കുന്നതുവരെ നിലവിലെ ക്രമീകരണം തുടരണമെന്നും ആവശ്യപ്പെടും. നിലവിൽ ടോൾ പ്ലാസയ്‌ക്ക് സമീപം ആറ് പഞ്ചായത്തുകളിലെ യാത്രക്കാർക്ക് ആധാർ കാർഡ് കാണിച്ചാൽ ടോൾ നൽകാതെ പോകാം. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ് ഈ ആനുകൂല്യം.
കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിൽ പി പി സുമോദ് എംഎൽഎ, എഡിഎം മണികണ്‌ഠൻ, ദേശീയപാതയുടെയും കരാർ കമ്പനിയുടെയും അധികൃതർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.