പാലക്കാട് : മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം എസ്. ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെല്ലാം ബിജെപി, ആർഎസ്എസ് ബന്ധമുള്ളവരാണെന്ന് പൊലീസ് കോടതിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആദ്യം അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് പ്രതികൾ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്നത്.
കേസിൽ ആകെ അറസ്റ്റിലായ എട്ട് പേരിൽ നാലുപേരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്‌തിരുന്നു. ബാക്കി നാലുപേരെ വെള്ളിയാഴ്‌ച റിമാൻഡ് ചെയ്‌തു. പ്രതികൾ ഒന്നര വർഷമായി സിപിഎമ്മുമായി അകന്ന് കഴിയുകയാണെന്നും ഈ കാലയളവിൽ അർഎസ്എസ്, ബിജെപി പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്‌തിരുന്നുവെന്നും അപേക്ഷയിൽ പറയുന്നു.
ഇത്തരം പരിപാടികളിൽ പങ്കെടുത്തതോടെ ഷാജഹാനുമായുള്ള വിരോധം രാഷ്‌ട്രീയ പകയായി മാറി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് പിന്നിലെ ഉന്നത ഗൂഢാലോചന അന്വേഷിക്കണമെന്നും അതിനാൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.
പ്രതികൾ ഉപയോഗിച്ച ഫോണുകൾ കണ്ടെത്തണം. ഇവർക്ക് ആയുധം നൽകിയവരെക്കുറിച്ചും ബാഹ്യസഹായം ലഭിച്ചിരുന്നോ എന്നത് സംബന്ധിച്ചും അന്വേഷിക്കണമെന്നും പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജു കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. നാല് പ്രതികളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി അനുവദിച്ചു. ഓഗസ്റ്റ് 14ന് രാത്രി 9.45നാണ് ഷാജഹാനെ കുന്നങ്കാടുവച്ച് എട്ടംഗ ബിജെപി, ആർഎസ്‌എസ് സംഘം വെട്ടി കൊലപ്പെടുത്തിയത്.