പാലക്കാട്: പെരുമഴയത്ത് മലയാളി മൂടിപ്പുതച്ചുറങ്ങുന്നതും സ്വപ്നം കണ്ടാണ് ഉത്തരേന്ത്യയിൽ നിന്നുള്ള കമ്പിളി വ്യാപാരികൾ കേരളത്തിലെത്തിയത്. എന്നാൽ മഴ ചതിച്ചതോടെ ഇവരുടെ കച്ചവടം പ്രതിസന്ധിയിലായി. എല്ലാവർഷവും മഴക്കാലത്തെ കച്ചവടം പ്രതീക്ഷിച്ചാണ് ഇവർ കേരളത്തിലെത്താറുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിലെ കച്ചവടം പ്രതീഷിച്ച് മുപ്പത് മുതൽ നാൽപ്പത് വരെ ആളുകള്‍ അടങ്ങുന്ന സംഘമാണ് പാലക്കാട് എത്തുന്നത്.
ഉപജീവനത്തിന് വേണ്ടി വൻകിട വ്യാപാരികളിൽ നിന്നും കമ്പിളി വാങ്ങിയാണ് ഇവർ കേരളത്തില്‍ കച്ചവടത്തിനെത്തുന്നത്. എന്നാൽ ഇത്തവണ കച്ചവടം മോശമായിരുന്നെന്നും ദിവസം മുഴുവൻ അലഞ്ഞിട്ടും പുതപ്പുകൾ വിറ്റുപോകുന്നില്ലെന്നും ഇവർ പറയുന്നു. തിരികെ നാട്ടിലേക്ക് മടങ്ങേണ്ട സമയമായിട്ടും കൊണ്ടുവന്ന സ്റ്റോക്ക് ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. ഇത് എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ഉത്തരേന്ത്യൻ കച്ചവടക്കാര്‍.