പാലക്കാട്: പാലക്കാട് തച്ചമ്പറയില്‍ ഗുഡ്‌സ് വാനും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മലപ്പുറം കൊളത്തൂർ കല്ലിങ്കൽതൊടി വീട്ടിൽ ഷുഹൈബ് (28), കരിങ്കല്ലത്താണി സ്വദേശി സുറുമി (20) എന്നിവരാണ് മരിച്ചത്. തച്ചമ്പാറ പെട്രോൾ പമ്പിന് മുന്‍വശത്ത് ഇന്നലെ (04-08-2022) വൈകിട്ടോടെയാണ് അപകടം നടന്നത്.
അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുഡ്‌സ് വാനിന്‍റെ ഡ്രൈവർ കൊടുങ്ങല്ലൂർ മേൽമുറി താണിക്കാട് വീട്ടിൽ സൈദ് (64), കാർ യാത്രികയായിരുന്ന കരിങ്കല്ലത്താണി സ്വദേശി ഹന്ന (18) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.
കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ഗുഡ്‌സ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിൽ ഉണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സ്ഥലത്തെത്തിയ കല്ലടിക്കോട് പൊലീസാണ് മേൽനടപടി സ്വീകരിച്ചത്.