പാലക്കാട്: കടുത്ത വേനലിൽ ആശ്വാസമായി ജില്ലയിൽ വേനൽമഴ പെയ്‌തു. പാലക്കാട്, മംഗലംഡാം, മുണ്ടൂർ, മലമ്പുഴ, ആലത്തൂർ, മണ്ണാർക്കാട്, കല്ലടിക്കോട്, അട്ടപ്പാടി, ചിറ്റൂർ, കുഴൽമന്ദം, ലെക്കിടി, പത്തിരിപ്പാല, വാളയാർ, പുതുശേരി, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ്, പൊൽപ്പുള്ളി, കുത്തനൂർ, പെരിങ്ങോട്ടുകുറുശി, കോട്ടായി, മാത്തൂർ, തേങ്കുറുശി, ശ്രീകൃഷ്‌ണപുരം എന്നിങ്ങനെ ജില്ലയുടെ മിക്ക പ്രദേശങ്ങളിലും മഴ പെയ്‌തു. വൈകിട്ട് അഞ്ചരയോടെയാണ് മഴ പെയ്‌തുതുടങ്ങിയത്. മിക്കയിടത്തും ഒരു മണിക്കൂറിലേറെ മഴ പെയ്‌തു. ഇതിനിടെ കൊടുന്തിരപ്പുള്ളിയിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു.
കടുത്ത ചൂട് രേഖപ്പെടുത്തുന്ന മുണ്ടൂർ, മലമ്പുഴ പ്രദേശങ്ങളിൽ വൈകിട്ട് അഞ്ചുമുതൽ ശക്തമായ ഇടിമിന്നലോടെ ഒന്നര മണിക്കൂറിലേറെയാണ് പെയ്‌തത്. കൊയ്‌ത്ത് കഴിഞ്ഞ പാടങ്ങളിൽ മഴ ലഭിച്ചതോടെ നിലമുഴുത് അടുത്ത വിളയ്‌ക്ക് ഒരുങ്ങിത്തുടങ്ങാം. പച്ചക്കറിക്കൃഷിക്കും മഴ ഗുണകരമായി.
അതേസമയം നിരവധി പ്രദേശങ്ങളിൽ കൊയ്യാറായ നെൽച്ചെടികൾ മഴയിൽ വീണു. ജില്ലയിൽ മാർച്ച് ഒന്നുമുതൽ 23 വരെ ലഭിക്കേണ്ട വേനൽമഴ 81 ശതമാനം കുറഞ്ഞു. ശരാശരി 14.1 മില്ലിമീറ്റർ കിട്ടേണ്ടിടത്ത് 2.7 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്.
ALSO READ:സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു