പാലക്കാട് : ആർഎസ്‌എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ വധത്തിന് പ്രതികാരമായാണ് എലപ്പുള്ളിയിൽ എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയതെന്ന് സൂചന. നവംബർ 15ന് സഞ്ജിത് കൊല്ലപ്പെട്ട് അഞ്ചുമാസം തികയുന്ന ദിവസം തന്നെ കൊലപാതകത്തിന് തെരഞ്ഞെടുത്തെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
സഞ്ജിത്തിന്‍റെ കാർ ഉപയോഗിച്ച് സുബൈറിനെ ഇടിച്ചിട്ടതും പ്രതികാരത്തിലേക്കാണ് വിരൽചൂണ്ടുന്നത്. മാത്രമല്ല സഞ്ജിത്തിനെ ഭാര്യയുടെ മുമ്പിലിട്ടാണ് കൊലപ്പെടുത്തിയതെങ്കിൽ പിതാവിന്‍റെ മുന്നിലാണ് സുബൈറിനെ വെട്ടിയത്. കൊലപാതകങ്ങൾ തമ്മിലുള്ള ഈ സമാനതകളും പൊലീസ് അന്വേഷിക്കുകയാണ്.
Read more:പാലക്കാട് സുബൈർ വധം : നാല് പേർ കസ്റ്റഡിയിൽ
പിതാവിനൊപ്പം പള്ളിയിൽ നിന്നിറങ്ങിയ സുബൈറിനെ കൊലപ്പെടുത്താൻ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് (15.04.2022) പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ എസ്‌ഡിപിഐ പ്രവർത്തകനായ സുബൈറിനെ കൊലപ്പെടുത്തിയത്.
പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ട് കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈർ വധത്തിന്‍റെ ഞെട്ടൽ മാറുന്നതിന് മുന്നേയാണ് ഇന്ന് (16.04.2022) മറ്റൊരു അരുംകൊല നടന്നത്.
പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയ ശ്രീനിവാസനെ രണ്ട് ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.