പാലക്കാട്: പണി പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പ്രാഥമികാരോഗ്യ കേന്ദ്രം ജനങ്ങൾക്കായി തുറന്ന് കൊടുക്കാതെ പാലക്കാട് നഗരസഭ. ഗെയിൽ ഇന്ത്യാ ലിമിറ്റഡിന്‍റെ പങ്കാളിത്തത്തോടെ നിർമിച്ച പ്രൈമറി ഹെൽത്ത് സെന്‍ററാണ് പ്രവർത്തനസജ്ജമായി മാസങ്ങൾ പിന്നിട്ടിട്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്തത്. ആശുപത്രിയുടെ പണി പൂർത്തിയായ കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ പങ്കെടുപ്പിച്ച് ഹെൽത്ത് സെന്‍ററിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നു. എന്നാൽ ഉദ്ഘാടകന് എത്താൻ സാധിക്കാത്തതിനെ തുടർന്ന് പരിപാടി മാറ്റിവെക്കുകയായിരുന്നു. പിന്നീട് മാസങ്ങൾ പിന്നിട്ടിട്ടും ആശുപത്രി പ്രവർത്തിപ്പിക്കാനായുള്ള നടപടികളൊന്നും നഗരസഭ സ്വീകരിച്ചില്ല.
ബിജെപി ഭരിക്കുന്ന നഗരസഭയിലെ വൈസ് ചെയർമാൻ സി.കൃഷ്‌ണകുമാർ പ്രതിനിധാനം ചെയ്യുന്ന പതിനെട്ടാം വാർഡിലാണ് ഹെൽത്ത് സെന്‍റർ സ്ഥിതി ചെയ്യുന്നത്. ബിജെപി നേതാക്കളെ കൊണ്ട് മാത്രമേ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കൂവെന്ന നഗരസഭാ ഉപാധ്യക്ഷന്‍റെ വാശിയാണ് ഉദ്ഘാടനം നീണ്ടുപോകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. എട്ട് മാസത്തോളമായി പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകാത്ത രീതിയിൽ ആശുപത്രി പൂട്ടിക്കിടക്കുന്നത് നിരുത്തരവാദപരമാണെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.