പാലക്കാട്: മധു വധക്കേസ് എഫ്ഐആർ കൈപ്പടയിൽ രേഖപ്പെടുത്തിയത് വൈദ്യുതി ഇല്ലാത്തതിനാലാണെന്ന പ്രോസിക്യൂഷൻ വാദത്തെ എതിർത്ത് പ്രതിഭാഗം. അഗളി പൊലീസ് സ്റ്റേഷനിൽ 3 ജനറേറ്ററുകളും ബാറ്ററികളും ഉൾപ്പെടെ ഉണ്ടെന്ന് വ്യക്‌തമാക്കുന്ന പ്രോപ്പർട്ടി രജിസ്റ്റർ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.
കേസ് സിസിടിഎൻഎസ് ആയി രജിസ്റ്റർ ചെയ്യാൻ വൈദ്യുതിയില്ലായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍റെ വാദവും സാക്ഷി മൊഴികളും. എന്നാൽ കോടതിയിൽ ഹാജരാക്കിയ പ്രോപ്പർട്ടി രജിസ്റ്ററിൽ ജനറേറ്ററുകളും ബാറ്ററികളും ഉൾപ്പെടെയുണ്ടെന്ന് വ്യക്തമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥൻ മുൻ അഗളി ഡിവൈഎസ്‌പി ടി.കെ സുബ്രഹ്മണ്യനെ ക്രോസ് വിസ്‌താരം ചെയ്യുകയായിരുന്നു അദ്ദേഹം. ആനവായ് ചെക്പോസ്റ്റിലൂടെ മധുവിനെ കുറ്റകരമായ രീതിയിൽ ആൾക്കൂട്ടം പിടികൂടി കൊണ്ടുവരുന്നത് കണ്ടതായി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകി.
ALSO READ: അട്ടപ്പാടി മധു വധക്കേസ് : സീൻ മഹസറിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടുപോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
മധുവിന്‍റെ മരണത്തിന് ഉത്തരവാദിയായ പൊലീസുകാരെ രക്ഷപ്പെടുത്താൻ സാധാരണക്കാരുടെയും തൊഴിലാളികളുടെയും പേരിൽ കള്ളക്കേസ് ചുമത്തിയതല്ലേയെന്ന ചോദ്യത്തിന് അല്ലെന്ന് അദ്ദേഹം മറുപടി നൽകി. എസ്എംഎസ് ഡിവൈഎസ്‌പിയായ തനിക്കു കേസ് അന്വേഷിക്കാനുള്ള അധികാരമുള്ളതിനാലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.