പാലക്കാട് : മൂർഖനെ പിടികൂടുന്നത് ചിത്രീകരിച്ച മാധ്യപ്രവർത്തകനെ തടയാന്‍ ശ്രമിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥന്‍. അട്ടപ്പാടി ഗൂളിക്കടവില്‍ ശനിയാഴ്‌ചയാണ് സംഭവം. മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിനിടെ, പ്രാദേശിക ചാനലിൻ്റെ മാനേജിങ് ഡയറക്‌ടറായ ബേസിൽ പി ദാസിനെയാണ് ഉദ്യോഗസ്ഥന്‍ തടയാന്‍ ശ്രമിച്ചത്.
ഇത് വകവച്ചുകൊടുക്കാതെ ബേസിൽ ചിത്രീകരണം തുടര്‍ന്നതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥന്‍ തന്നെ അസഭ്യം പറഞ്ഞുവെന്നും അശാസ്ത്രീയമായ രീതിയിൽ ചവണ ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയതെന്നും ബേസില്‍ പറയുന്നു. 'കേരളത്തിലെ പാമ്പുകൾ' എന്ന ഫേസ്‌ബുക്ക് പേജിൽ ബേസിൽ ദൃശ്യം പോസ്റ്റുചെയ്‌തതോടെ വൈറലായി.
ALSO READ: അമ്പലമുക്കിൽ യുവതി നഴ്‌സറിയില്‍ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സൂചന
തെറ്റ് പുറത്ത് വരാതിരിക്കാനാണ് വീഡിയോ എടുക്കുന്നത് തടഞ്ഞതെന്നാണ് പോസ്റ്റുകൾക്ക് കീഴിൽ ചിലരുടെ പ്രതികരണം. വനം വകുപ്പ് ഉദ്യോഗസ്ഥനെ അനുകൂലിച്ച് കൊണ്ടും ചിലർ കമൻ്റുകളിൽ രംഗത്തെത്തി. അതേസമയം, വന്യജീവികളെ ചിത്രീകരിക്കുന്നത് നിയമപരമായി കുറ്റകരമായതിനാലാണ് ചിത്രീകരണം തടഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ വാദം.