പാലക്കാട്: ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് എത്തിയതോടെ പാലക്കാട് ജില്ലയിൽ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്‌ചയാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് മുണ്ടൂർ ഐആർടിസിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച 39 ഡിഗ്രി വരെ എത്തിയിരുന്നെങ്കിലും പിന്നീട് 37–38 ഡിഗ്രിയായി താഴ്‌ന്നിരുന്നു.
ചൂട് കൂടിയതോടെ പാലക്കാട് നഗരത്തിലും സമീപപ്രദേശങ്ങളിലും കിണറുകളിൽ വെള്ളം വറ്റുന്നുണ്ട്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്തുവരികയാണ്. മണ്ണാർക്കാട് മലയോര മേഖലയായ പയ്യനെടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കുടിവെള്ളം എത്തിക്കണമെന്ന് കുമരംപുത്തൂർ പഞ്ചായത്തിലേക്ക് സിപിഎം തിങ്കളാഴ്‌ച മാർച്ച് നടത്തി.
ALSO READ:യുദ്ധഭൂമിയിൽ നിന്നും മകൾ തിരികെയെത്തിയ സന്തോഷത്തിൽ കുടുംബം
കഴിഞ്ഞവർഷം മഴ നന്നായി ലഭിച്ച പ്രദേശങ്ങളിൽ ഇത്തവണ ചൂട് ഉയരുന്നത് ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കുകയാണ്. ജില്ലയുടെ മലയോര മേഖലകളിലാണ് ജലക്ഷാമം കടുക്കുക. ചൂട് ഇനിയും ഉയരാമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്നത്.
പാലക്കാട് നഗരത്തിലെ ശുദ്ധജലവിതരണം പ്രധാനമായും മലമ്പുഴ ഡാമിനെ ആശ്രയിച്ചാണ്. ഡാമിൽ മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ജലം നിലവിലുണ്ട്. നിലവിൽ 107.09 അടി ജലമാണ് ഡാമിലുള്ളത്. രണ്ട് വർഷത്തേക്ക് പാലക്കാട് നഗരത്തിൽ വിതരണം ചെയ്യാനുള്ള വെള്ളം ഡാമിലുണ്ടെന്നാണ് കണക്കാക്കുന്നത്.
എന്നാൽ നഗരത്തിലെ ജലവിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളെ തുടർന്ന് പണം നൽകി വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങൾ. പാലക്കാട് നഗരത്തിൽ വെണ്ണക്കരയിൽ പൈപ്പിൽ വെള്ളമെത്താത്തതിനെ തുടർന്ന് നിരവധി കുടുംബങ്ങൾ ടാങ്കർ ലോറിയിലെത്തുന്ന വെള്ളത്തെയാണ് ആശ്രയിക്കുന്നത്. വേനൽ തുടങ്ങിയത് മുതൽ കുടിവെള്ളമില്ലെന്ന് പല പ്രദേശങ്ങളിൽനിന്നും ജനങ്ങൾ പരാതിപ്പെട്ടിട്ടും നഗരസഭയും ജല അതോറിറ്റിയും കണ്ടില്ലെന്ന് നടിക്കുകയാണ്. വെള്ളമില്ലാത്ത പ്രദേശങ്ങളിൽ നഗരസഭയുടെ ചെലവിൽ കുടിവെള്ളമെത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.