പാലക്കാട്: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിന് ഗുരുതര പരിക്ക്. കോയമ്പത്തൂർ ഒറ്റക്കൽമണ്ഡപം ദിവാർ സ്ട്രീറ്റ് ശ്രീനിവാസ നഗറിൽ ശിവന്‍റെ ഭാര്യ പ്രസന്നയാണ് (46) മരിച്ചത്. സംഭവത്തിൽ ലോറി ഡ്രൈവർ കോട്ടയം സ്വദേശി അരുണിനെ(30) പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്‌ച രാവിലെ ആറരയോടെ വാളയാർ–വടക്കഞ്ചേരി ദേശീതപാതയിൽ നരകംപുള്ളി പാലത്തിലായിരുന്നു അപടകം. തമിഴ്‌നാട് സർക്കാർ ബസ് ഡ്രൈവറായ ശിവനും എലപ്പുള്ളി എടുപ്പുകുളം സ്വദേശിയായ പ്രസന്നയും വടക്കഞ്ചേരിയിലെ ബന്ധുവീട്ടിൽനിന്ന് മടങ്ങിയതായിരുന്നു.
ലോറിയിടിച്ച് വീണ ഇരുവരെയും ബൈക്കിനൊപ്പം 100 മീറ്ററോളമാണ് വലിച്ചിഴച്ചത്. ദമ്പതികളെ ഉടൻതന്നെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജി മധുവിന്‍റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രസന്ന മരിക്കുകയായിരുന്നു.
ശിവനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടത്തിന് കാരണമെന്ന് കസബ പൊലീസ് പറഞ്ഞു. പ്രസന്നയുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.