പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അയ്യപ്പൻ, നഞ്ചമ്മാൾ ദമ്പതികളുടെ, ഫെബ്രുവരി 26ന് പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഷോളയൂർ വട്ടലക്കി ലക്ഷംവീട് ഊര് സ്വദേശികളാണ് ഇരുവരും.
പാലക്കാട് മാതൃശിശു ആശുപത്രിയിൽവച്ച് ചൊവ്വാഴ്‌ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പ്രസവിച്ച സമയത്ത് കുട്ടിക്ക് രണ്ട് കിലോ 200 ഗ്രാം തൂക്കമുണ്ടായിരുന്നു. 24-ാം തീയതി അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് യുവതിയെ പ്രസവത്തിത്തിനായി ആദ്യം എത്തിച്ചത്.
നഞ്ചമ്മാളിന് രക്തക്കുറവും ഉയർന്ന രക്തസമ്മർദവും ഉണ്ടായതിനെതുടര്‍ന്ന് പാലക്കാട് മാതൃശിശു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2022 ലെ രണ്ടാമത്തെ ശിശുമരണമാണിത്.
2021 ല്‍ സംഭവിച്ചത് ഒന്‍പത് മരണങ്ങളാണെന്ന് രേഖകള്‍ പറയുന്നു. ഒരു വയസിന് താഴെ പ്രായമുള്ള കുട്ടികൾ മരിക്കുമ്പോഴാണ് ശിശുമരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക. അടുത്തിടെ ഒന്നിനും രണ്ടിനും ഇടയിൽ പ്രായമുള്ള രണ്ട് കുട്ടികൾ അട്ടപ്പാടിയില്‍ മരിച്ചിരുന്നു.