പാലക്കാട്: വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദിനെ സസ്പെന്‍ഡ് ചെയ്തു. രാജ്യദ്രോഹം അടക്കമുള്ള കുറ്റം ചുമത്തിയാണ് ആരോഗ്യവകുപ്പ് അന്വേഷണ വിധേയമായി സൂപ്രണ്ടിനെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.
സർക്കാരിന്‍റെ ആർദ്രം പദ്ധതിയേയും സർക്കാർ നയങ്ങളേയും വിമർശിക്കുന്ന സന്ദേശങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, മേലധികാരികളുടെ അനുമതിയില്ലാതെ വിദേശരാജ്യങ്ങൾ സന്ദർശിച്ചു, ദേശീയ പതാക തല കീഴായി പ്രദര്‍ശിപ്പിച്ചു എന്നീ വിമർശനങ്ങളാണ് റിപ്പോർട്ടിലുള്ളത്.
യോഗ്യതയില്ലാത്ത ക്ലീനിംഗ് സ്റ്റാഫിനെ ഡേറ്റാ എൻട്രി ഓപ്പറേറ്ററായി നിയമിച്ചു, ക്വാഷ്വാലിറ്റി മെഡിക്കൽ ഓഫീസർക്കായി എ.ആർ.എം.ഒ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് സർജന്മാരുടെ അടക്കം ചുമതലകൾ നൽകി, കാലങ്ങളായി ഡോക്ടർമാരുടെ യോഗവും സ്റ്റാഫ് മീറ്റിങും വിളിച്ചുചേർക്കുന്നില്ല തുടങ്ങിയ കേസുകളും ഡോ. സൈജു ഹമീദിനെതിരെയുണ്ടെന്ന് ആശുപത്രിയധികൃതര്‍ പറയുന്നു.
ഡിസംബർ 17ന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടായി സ്ഥലംമാറ്റിയെങ്കിലും കോടതി ഉത്തരവ് വാങ്ങി വിക്ടോറിയയിൽ തുടരുകയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.കൃഷ്ണവേണിക്കാണ് പകരം ചുമതല.