പാലക്കാട്: കൃഷി ചെയ്യാൻ ആവശ്യത്തിന് വെള്ളമില്ലാതെ ദുരിതത്തിലാണ് പട്ടാമ്പി കിഴായൂർ ലിഫ്റ്റ് ഇറിഗേഷൻ പാടശേഖരത്തിലെ നെൽ കർഷകർ. ചെറുകിട ജലസേചന പദ്ധതി കാര്യക്ഷമമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കൂടാതെ കൃഷിയിടത്തില്‍ കാട്ടുപന്നികളുടെ ശല്യവുമുണ്ട്. ഒന്നാം വിള നെല്ല് സംഭരണത്തിന്‍റെ പണം ഇനിയും ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
നേരത്തെ ഒന്നാം വിള കൊയ്ത്ത് കഴിഞ്ഞ് സംഭരിക്കാന്‍ കാലതാമസം നേരിട്ടത് വലിയ പ്രയാസം സൃഷ്‌ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം വിള കൃഷി ഇറക്കിയത്. കൃഷി ഇറക്കിയതോടെ മഴയും വിട്ട് നിന്നു. ജലസേചനത്തിന് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ പുഴയിൽ നിന്നും ചാല് കീറി വേണം പൗമ്പ് ഹൗസിലേക്ക് വെള്ളം എത്തിക്കാൻ. ചാല് കീറിയാലും രണ്ട് മണിക്കൂർ പോലും പമ്പ് ചെയ്യാനുള്ള വെള്ളം ലഭിക്കുന്നില്ലെന്ന് പമ്പ് ഓപ്പറേറ്റർ പറയുന്നു. വെള്ളിയാങ്കല്ലിന്‍റെ മുഴുവൻ ഷട്ടറുകളും താഴ്ത്തിയാൽ മാത്രമേ ഇവിടേക്ക് ജലം ലഭിക്കുകയുളളൂ. ജലസേചനത്തിന് പുഴയിൽ തടയണയോ അടിയണയോ കുളമോ നിർമ്മിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.