പാലക്കാട് : മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപിരിഞ്ഞ യുവതിക്ക് വിവാഹ സമ്മാനമായി നൽകിയ സ്വർണം തിരിച്ചുനൽകാൻ കോടതി വിധി. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പത്തിരിപ്പാല സ്വദേശിയായ യുവതിക്ക് അനുകൂലമായി വിധിച്ചത്. 190 പവൻ സ്വർണമോ തത്തുല്യ തുകയോ മുൻ ഭർത്താവ് യുവതിക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്.
2009ലാണ് പാലക്കാട് സ്വദേശിയായ യുവാവുമായി ഡോക്‌ടറായ പത്തിരിപ്പാല സ്വദേശിയുടെ വിവാഹം നടക്കുന്നത്. 200 പവൻ സ്വർണാഭരണങ്ങളാണ് വിവാഹ സമ്മാനമായി നൽകിയിരുന്നത്. വിവാഹം കഴിഞ്ഞ ഉടൻ തന്നെ യുവതിയുടെ 190 പവൻ സ്വർണാഭരങ്ങൾ മുൻഭർത്താവും വീട്ടുകാരും ചേർന്ന് ലോക്കറില്‍വച്ചു.
തുടര്‍ന്ന് കൂടുതൽ സ്വർണത്തിനും പണത്തിനും വേണ്ടി പീഡിപ്പിക്കുകയും, എതിർത്തതിനെ തുടര്‍ന്ന് പ്രത്യേക കാരണം കൂടാതെ 2015ൽ വിവാഹ ബന്ധം മുത്തലാഖ് ചൊല്ലി വേർപെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. ഇരുഭാഗത്തുനിന്നും ഹര്‍ജിക്കാരടക്കമുള്ള ഏഴോളം സാക്ഷികളെയും ബാങ്ക് മാനേജരെയും കോടതി വിസ്‌തരിച്ചു. ചന്ദ്രനഗർ ബ്രാഞ്ചിലെ അക്കാലത്തെ ലോക്കർ രേഖകളും കോടതി പരിശോധിച്ചു.
തുടർന്നാണ് സ്വർണം തിരികെ നൽകാൻ കോടതി ഉത്തരവിട്ടത്. സമാന കേസിൽ വന്ന സുപ്രീം കോടതി, ഹൈക്കോടതി വിധികളും പരിഗണിച്ചാണ് കോടതി നടപടി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകനായ അഡ്വ.പി ടി ഷാഹുൽ ഹമീദ് ഹാജരായി.