പാലക്കാട് : നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ആഘോഷമായി ട്രാൻസ്ജെന്‍ഡര്‍ വിവാഹം. തിരുവനന്തപുരം സ്വദേശികളായ ജയൻ മിനി ദമ്പതിമാരുടെ മകൾ അദ്വികയും ആലപ്പുഴ സ്വദേശികളായ വിഎ പ്രസാദ് സുഷമ ദമ്പതിമാരുടെ മകൻ നിലൻ കൃഷ്‌ണയുമാണ് വിവാഹിതരായത്. തെക്കേപ്പാവടി ശെങ്കുന്തർ കല്യാണ മണ്ഡപമായിരുന്നു വിവാഹ വേദി.
കൊല്ലങ്കോട് സ്വകാര്യ സ്ഥാപനമായ ഫിൻമാർട്ടിലെ ജീവനക്കാരാണ് ഇവർ. സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റും ജീവനക്കാരും താൽപര്യമെടുത്താണ് വിവാഹം നടത്തിയത്. വരനെ താലപ്പൊലിയോടെ സ്വീകരിച്ച് വിവാഹ വേദിയിലെത്തിച്ചു. തുടർന്ന് ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തി താലികെട്ടി വരണമാല്യം ചാർത്തി.
തുടർന്ന് വിവാഹ സദ്യയും ഉണ്ടായി. പഞ്ചായത്ത് പ്രസിഡന്‍റ് കെ സത്യപാൽ, സിപിഎം ലോക്കൽ സെക്രട്ടറി കെ സന്തോഷ് കുമാർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, വധൂവരൻമാരുടെ സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റ് പ്രതിനിധികൾ, ജീവനക്കാർ എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.
അദ്വിക ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ കോഴ്‌സും, നിലൻ ലാബ് ടെക്‌നീഷ്യൻ കോഴ്‌സും പാസായ ശേഷമാണ് സ്വകാര്യ ധനകാര്യ സ്ഥാപനമായ ഫിൻ മാർട്ടില്‍ ജീവനക്കാരായത്. കൊല്ലങ്കോട് പഞ്ചായത്തിലാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ സത്യപാൽ പറഞ്ഞു.
നേരത്തേ കാച്ചാംകുറിശ്ശി മഹാവിഷ്‌ണു ക്ഷേത്രത്തിൽ താലികെട്ട് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹിതരാകുന്നവര്‍ ട്രാൻസ്‌ജെൻഡർ വിഭാഗത്തില്‍പ്പെട്ടവരാണെന്നറിഞ്ഞതോടെ ക്ഷേത്രം അധികൃതര്‍ വിവാഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് വിവാഹ സംഘം പറഞ്ഞു.
അതേസമയം വിവാഹത്തിന്‍റെ ആവശ്യവുമായി എത്തിയവരോട് ക്ഷേത്ര ഉദ്യോഗസ്ഥൻ ചില സംശയങ്ങൾ ഉന്നയിക്കുകയും ആധാർ കാർഡുമായി വരാൻ ആവശ്യപ്പെടുകയും ചെയ്‌തുവെന്നും എന്നാൽ പിന്നീട് അവർ എത്തിയില്ലെന്നുമാണ് ക്ഷേത്രത്തിന്‍റെ വാദം.