പാലക്കാട്: ഇന്ത്യ ലോക രാജ്യങ്ങളുടെ കൈയ്യടി നേടിയത് ചന്ദ്രയാന്‍ 3 വിജയ ദിനത്തിലായിരുന്നു. ലോകം ആഘോഷിച്ചെങ്കിലും ഇന്ത്യയില്‍ കാര്യമായ ആഘോഷങ്ങളുണ്ടായില്ലെന്ന ചിന്തയില്‍ നിന്നാണ് നിലാക്കനവിന്‍റെ പിറവിയെന്ന് സംവിധായകന്‍ വിനോദ് മങ്കര പറയുന്നു(Nilakkanav Moonlight Chronicle).
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ജര്‍മ്മന്‍ ഭൗതികശാസ്ത്രജ്ഞന്‍ ജോനാസ് കെപ്ലറുടെ സോമ്നിയം എന്ന ലോകത്തിലെ തന്നെ ആദ്യ സയന്‍സ് ഫിക്ഷന്‍റെ മൊഴി മാറ്റമാണ് നിലാക്കനവ് .
ചന്ദ്രന്‍റെ വിദൂര തീരങ്ങളിലേക്കുള്ള യാത്ര മാത്രമല്ല അതിന്‍റെ പിന്നിലെ ശാസ്ത്രവും വിശദമായി വിവരിക്കുന്ന ചന്ദ്ര പര്യവേക്ഷണം വ്യക്തമാക്കുന്ന ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നതാകും നിലാക്കനവ്. ഒരു അമ്മയും മകനും തമ്മിലുള്ള സംഭാഷണമാണ് "നിലാക്കനവ്". കലയുടെയും ശാസ്ത്രത്തിന്‍റേയും സമന്വയത്തിന്‍റെ തെളിവായിരിക്കും തന്‍റെ പുതിയ സംരംഭമെന്നും വിനോദ് മങ്കര പറഞ്ഞു.
സോപാനവും സിംഫണിയും മേളിക്കുന്ന അവിസ്മരണീയ സംഗീതമാണ് പരിപാടിക്കായി വിഖ്യാത സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേഷ് നാരായണന്‍ ഒരുക്കുന്നത്.മോഹിനിയാട്ട പ്രതിഭ ഗായത്രി മധുസൂദന്‍ ആണ് നൃത്തം ചിട്ടിപ്പെടുത്തിയത്.
കെപ്ലറുടെ സ്വപ്നം ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരിലൂടെ, ചന്ദ്രയാന്‍ 3 ന്‍റെ വിജയത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ ആഖ്യാനമാണ് നിലാക്കനവ്. ഭാവനയുടെ ലോകത്തു നിന്ന് സൗരയൂഥത്തിലേക്കും അതിനുമപ്പുറത്തേക്കും ഉള്ള പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള ശാസ്ത്ര പര്യ വേഷണങ്ങളുടെ യഥാതഥ ലോകത്തേക്കെത്തുന്ന മനുഷ്യന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ആസ്വാദകരെ നയിക്കുന്ന കലാ സൃഷ്ടിയാണ് ഒരുങ്ങുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്‍റെ നൃത്താവിഷ്കാരമാണ് പ്രധാനം.
പാലക്കാട് സ്വരലയ നൃത്ത സംഗീതോത്സവ വേദിയില്‍ ക്രിസ്മസ് രാവിലാണ് നിലാക്കനവ് അരങ്ങേറുക.