പാലക്കാട്: നെന്മാറയില്‍ എക്‌സൈസ് നടത്തിയ വാഹനപരിശോധനയിൽ അനധികൃതമായി സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. അയിലൂർ പാളിയമംഗലം പുത്തൻവീട്ടിൽ സുഭാഷ് (35) എന്നയാൾക്കെതിരെ കേസെടുത്തു. മദ്യം കടത്തിയ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് പ്രതി സ്‌കൂട്ടർ വഴിയിൽ ഉപേക്ഷിച്ചു ഓടിപ്പോയതിനാൽ പിടികൂടാനായില്ല.
പാളിയമംഗലം ഭാഗത്ത് മദ്യവിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് സുഭാഷിന്‍റെ പേരിൽ മുമ്പ് രണ്ട് കേസ് നെന്മാറ എക്‌സൈസ് റേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കി. നെന്മാറ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ. നിഷാന്ത്, പ്രിവന്‍റീവ് ഓഫിസർമാരായ ജി. പ്രഭ, എം.എൻ സുരേഷ് ബാബു, എം. സതീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ മുഹമ്മദ് റിയാസ്, സി. തേജസ്, എം. സുജിത്, എസ്. സന്ധ്യ, വി. ഷീജ എന്നിവരാണ് പരിശോധിച്ചത്.