പാലക്കാട്: എന്ത് വിലകൊടുത്തും മതസൗഹാർദം കാത്തു സൂക്ഷിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ ആവശ്യപ്പെട്ടു. ഇരുവിഭാഗവും നടത്തുന്ന നുണപ്രചാരണങ്ങളിൽ ജനങ്ങൾ വീഴരുത്. ഇരുചേരികളും വർഗീയകലാപത്തിനാണ് ശ്രമിക്കുന്നത്. 24 മണിക്കൂറിനകം നിഷ്‌ഠുരമായ രണ്ട് കൊലപാതകം ഉണ്ടായത് മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, കേരളത്തിൽ നിയമസംവിധാനം തകർന്നുവെന്ന് വരുത്തിത്തീർക്കാൻ സംഘടിത നീക്കം നടക്കുന്നുണ്ട്.
അടുത്തകാലത്ത് ചില കേന്ദ്രങ്ങളിൽനിന്ന് ഇത്തരം ശ്രമം ഉണ്ടായിരുന്നു. എന്നാൽ അതൊന്നും കേരളജനത അംഗീകരിച്ചില്ല. മതനിരപേക്ഷ മനസ്സ് അത്രയ്‌ക്ക് ശക്തമാണ്. അതോടൊപ്പം കേരളത്തിലെ എൽഡിഎഫ് സർക്കാരിന്‍റെ ഇടപെടലും സംഘർഷങ്ങളെ ഇല്ലാതാക്കി. ഇത്തരം അക്രമങ്ങൾക്കെതിരെ ജനാധിപത്യവിശ്വാസികളും മതനിരപേക്ഷ സ്‌നേഹികളും രംഗത്തുവരണം.
ഇത്തരം ഹീനപ്രവൃത്തിക്ക് പിന്നിലുള്ളവരെ ഒറ്റപ്പെടുത്താൻ കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരക്കണം. ജാഗ്രതപുലർത്താൻ സിപിഎം ഘടകങ്ങൾ ശ്രദ്ധിക്കണം. പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കണം. ഏത് ഭാഗത്തുനിന്ന് സമ്മർദമുണ്ടായാലും അതിന് കീഴ്‌പ്പെടരുത്.
അക്രമികളെ നിർദാക്ഷിണ്യം നേരിടാൻ പൊലീസ് തയ്യാറാകണം. നിലവിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാണ്. അക്രമങ്ങൾക്ക് വഴിമരുന്നിടാൻ നുണപ്രചാരണങ്ങളും ഉപയോഗിക്കുന്നു. അത്തരം പ്രചാരണങ്ങളിൽ ജനങ്ങൾ അകപ്പെടരുതെന്നും എ കെ ബാലൻ പ്രസ്‌താവനയിൽ പറഞ്ഞു.