പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളിയിലെ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർ കസ്റ്റഡിയിൽ. പ്രതികളെ സഹായിച്ചവരടക്കം കസ്റ്റഡിയിലായെന്നാണ് സൂചന. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകും.
കസ്റ്റഡിയിലുളളവരെല്ലാം ആർഎസ്എസ് ബിജെപി പ്രവർത്തകരാണെന്നാണ് പൊലീസ് നൽകുന്ന സൂചന. സുബൈര്‍ വധക്കേസില്‍ മുമ്പ് അറസ്റ്റിലായ അറസ്റ്റിലായ എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ് (41), എടുപ്പുകുളം എൻവി ചള്ള ആറുമുഖൻ (37), മരുതറോഡ് ആലമ്പള്ളം ശരവണൻ (33) എന്നിവരുമായി കൊലപാതകം നടന്ന എലപ്പുള്ളി നോമ്പിക്കോട് നീലഗിരി സ്കൂളിന് സമീപവും തുടര്‍ന്ന് പ്രതികള്‍ കാറില്‍ സഞ്ചരിച്ച വിവിധയിടം, കാര്‍ ഉപേക്ഷിച്ച് പോയ സ്ഥലം എന്നിവിടങ്ങളിലുമെത്തി തെളിവെടുപ്പ് നടത്തി.
പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച നാല് വാളുകളും വസ്ത്രങ്ങളും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്ത് വരുകയാണ്. ഏപ്രില്‍ 30ന് വൈകിട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കണം.
അതിന് മുമ്പ് ഗൂഢാലോചനയിൽ പങ്കെടുത്ത മുഴുവൻ പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികൾ വാൾ എവിടെനിന്ന് സംഘടിപ്പിച്ചുവെന്നതും പരിശോധിക്കുന്നുണ്ട്. പ്രതികൾ ഒളിവിൽ കഴിഞ്ഞപ്പോൾ പലരും സഹായിച്ചിരുന്നതായും പൊലീസിന് സംശയമുണ്ട്. അവരിലേക്കും അന്വേഷണം നീളും. കേസിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
also read: സഞ്‌ജിത്തിന്‍റെ കാര്‍ സുബൈര്‍ വധക്കേസ് പ്രതികള്‍ക്ക് ലഭിച്ചതെങ്ങനെ ; വിശദാന്വേഷണത്തിന് പൊലീസ്