പാലക്കാട്: ജില്ലയിൽ സഞ്ചരിക്കുന്ന കൊവിഡ് പരിശോധനക്കായി മൊബൈൽ യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ ആശുപത്രിയ്ക്ക് പുറമേ വിവിധ സ്വകാര്യ ആശുപത്രികളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് മൊബൈൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾ ആവശ്യപ്പെടുന്നതിനനുസരിച്ച് വീടുകളിലെത്തി സ്രവ പരിശോധന നടത്തും. ആളുകളുടെ പ്രായവും യാത്രാക്ലേശങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വിവിധ സ്ഥാപനങ്ങളിൽ പുതിയതായി ജോലിക്ക് പ്രവേശിക്കുന്നവർക്കും വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്നതിനും തീർഥാടകർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രികളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. മൊബൈൽ ക്ലിനിക്ക് ഇതിനൊരു പരിഹാരമാകും.
കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും ഈ സേവനം ഉപയോഗിക്കാം. നിലവിൽ ജില്ലാ ആശുപത്രിയിലെ യൂണിറ്റിന്‍റെ സേവനം പാലക്കാട് നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും മാത്രം ലഭ്യമാകും. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് യൂണിറ്റിന്‍റെ സേവനം വ്യാപിപ്പിക്കുവാൻ ആലോചിക്കുന്നതായി അധികൃതർ വ്യക്തമാക്കി. സേവനം ആവശ്യമുള്ളവർക്ക് 9946234467 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.