പാലക്കാട് : കേരള മോഡൽ കടം വാങ്ങിയതല്ലെന്നും കേരള മാതൃക ലോകത്ത് എവിടെയും ഇല്ലാത്തതുകൊണ്ടാണ് കേരളം ഒരു ബദലാകുന്നതെന്നും മന്ത്രി എം.വി ഗോവിന്ദൻ. 'ജനകീയാസൂത്രണത്തിന്‍റെ കാൽനൂറ്റാണ്ട്' എന്ന വിഷയത്തിൽ കെ.എസ്.കെ.ടി.യു പട്ടാമ്പിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളം ഇന്ത്യക്ക് മാതൃക : കേരളത്തിന്‍റെ ജനകീയാസൂത്രണം ഇന്ത്യക്ക് തന്നെ മാതൃകയാണ്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ അധികാര വികേന്ദ്രീകരണമെന്ന ആശയത്തെ തകർത്ത് അധികാരത്തെ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. ജിഎസ്‌ടി ഇതിന് ഉദാഹരണമാണ്.
സംഘടിതരും അസംഘടിതരുമായ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയോടെ ജീവിക്കാനാകുന്ന ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനം കേരളമാണെന്നതാണ് നാം മുന്നോട്ടുവയ്ക്കുന്ന വികസന ബദലെന്നും മന്ത്രി പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ എൻ.പി വിനയകുമാർ അധ്യക്ഷനായ സെമിനാറിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പട്ടാമ്പി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചവരെയും പരിപാടിയിൽ ആദരിച്ചു.
കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.മമ്മിക്കുട്ടി എംഎൽഎ, വി.കെ ജയപ്രകാശ്, സിപിഎം ജില്ല കമ്മിറ്റി അംഗം ടി.കെ നാരായണദാസ്, കെ.എസ്.കെ.ടി.യു ജില്ല ജോയിന്‍റ് സെക്രട്ടറി വി.കെ ചന്ദ്രൻ, സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം എൻ ഉണ്ണിക്കൃഷ്‌ണൻ, കെ.എസ്.കെ.ടി.യു ജില്ല പ്രസിഡന്‍റ് ടി.എൻ കണ്ടമുത്തൻ, ജില്ല എക്‌സിക്യുട്ടീവ് അംഗം ടി. ഗോപാലകൃഷ്‌ണൻ, ജില്ല പട്ടാമ്പി നഗരസഭാധ്യക്ഷ ഒ. ലക്ഷ്‌മിക്കുട്ടി, കെ.എസ്.കെ.ടി.യു പട്ടാമ്പി ഏരിയ സെക്രട്ടറി എം ശങ്കരൻകുട്ടി, തൃത്താല ഏരിയ സെക്രട്ടറി ടി.പി കുഞ്ഞുണ്ണി, പട്ടാമ്പി ഏരിയ പ്രസിഡന്‍റ് പി.ടി അബൂബക്കർ, തൃത്താല ഏരിയ പ്രസിഡന്‍റ് കെ.പി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.