പാലക്കാട്: ചികിത്സക്ക് ധനസഹായമാവശ്യപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ വ്യാജ സന്ദേശമയച്ച യുവാവ് പിടിയിൽ. നാഗലശ്ശേരി മാരായംകുന്നത്ത് വീട്ടിൽ മുഹമ്മദ് ഷനൂബ് (29) ആണ് പിടിയിലായത്. കൂറ്റനാട് പെരിങ്ങോട് അപകടത്തിൽ പരിക്കേറ്റ് വെൻ്റിലേറ്ററിൽ കഴിയുന്ന രണ്ട് വയസുള്ള കുഞ്ഞിൻ്റെ ചികിത്സക്ക് പണം ആവശ്യപ്പെട്ടാണ് സോഷ്യൽ മീഡിയയില്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ പ്രചരിപ്പിച്ചത്. അക്കൗണ്ടിൽ പണം ഇട്ടു കൊടുത്ത പെരിങ്ങോട് സ്വദേശിയായ അബ്‌ദുൽ ഗഫൂർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Read more: തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ബോംബെന്ന് വ്യാജ സന്ദേശം
സമൂഹ മാധ്യമത്തിൽ പോസ്റ്റ് വൈറലായതോടെ സംശയം തോന്നിയ നാട്ടുകാർ അന്വേഷിക്കുകയായിരുന്നു. പോസ്റ്ററിൽ കാണുന്ന മേൽവിലാസത്തിൽ കുഞ്ഞില്ലെന്നും, ചികിത്സയിലാണെന്ന് പറയപ്പെടുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ ആരും ഇവിടെയില്ലെന്നുമാണ് നാട്ടുകാരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്നാണ് ചാലിശ്ശേരി പൊലീസ് നടപടി സ്വീകരിച്ചത്.
കുട്ടിയുടെ ചികിത്സക്ക് സാമ്പത്തിക സഹായം അയക്കാൻ ഇയാളുടെ ഭാര്യയുടെ അക്കൗണ്ട് നമ്പരാണ് നൽകിയിരുന്നത്. രണ്ട് ദിവസത്തിനകം തന്നെ അക്കൗണ്ടിലേക്ക് 1,38000 രൂപ എത്തിയതായി ബാങ്ക് അധികൃതർ പറയുന്നു. അതേസമയം പോസ്റ്റിൽ കാണുന്ന കുട്ടിയുടെ ഫോട്ടോ ഗൂഗിളിൽ നിന്നും എടുത്തതാണെന്ന് ഇയാൾ സമ്മതിച്ചു. ഇയാളുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 രൂപ ചലഞ്ച് എന്ന പേരിലായതിനാൽ പ്രവാസികളുൾപ്പെടെ നിരവധി പേരാണ് സഹായവുമായി രംഗത്തുവന്നത്. സമൂഹമാധ്യമം വഴി അസഭ്യം പറഞ്ഞ കേസിലും ഇയാൾ പ്രതിയാണ്. പ്രതിയെ തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. നിജസ്ഥിതി അന്വേഷിക്കാതെ പണം അയക്കുമ്പോൾ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പൊലീസ് അറിയിച്ചു.