പാലക്കാട് : മമ്പറത്ത് ആർ.എസ്.എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒടുവിൽ അറസ്റ്റിലായ പ്രതിയുമായി ശനിയാഴ്ച പൊലീസ് തെളിവെടുത്തു. കൊല്ലങ്കോട് കാമ്പ്രത്ത്ചള്ള പഴയറോഡ് സ്വദേശി ഷാജഹാനെ മുതലമട, ഗോവിന്ദാപുരം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുത്തത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുടെ ഉടമ ഷാജഹാന്‍ ആണെന്നാണ് കണ്ടെത്തൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.
ALSO READ: കിഴക്കമ്പലം ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമം : 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
പിടികൂടാനുള്ള നാലുപേരുടെ ചിത്രം പൊലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളി സ്ട്രീറ്റ് സ്വദേശി മുഹമ്മദ് ഹാറൂൺ, ആലത്തൂർ അഞ്ചുമൂർത്തി ചീക്കോട് ഫാത്തിമ മൻസിലിൽ നൗഫൽ, മലപ്പുറം വണ്ടൂർ അർപ്പോയിൽ പുളിവെട്ടി സ്വദേശി ഇബ്രാഹിം മൗലവി (ഇബ്രാഹിം പുളിവെട്ടി മുഹമ്മദ്), ഒറ്റപ്പാലം അമ്പലപ്പാറ കാഞ്ഞിരംചോല സ്വദേശി ഷംസീർ എന്നിവരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.
നവംബർ 15നാണ് പാലക്കാട് ദേശീയപാതയ്ക്ക് സമീപം മമ്പറത്ത് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ഇതുവരെ 12 പേരെ പ്രതിചേർത്തു.