പാലക്കാട് : കളിത്തോക്കുമായി ട്രെയിനില്‍ യാത്ര ചെയ്‌ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അമീന്‍ ഷെരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്‌ദുല്‍ റാസിക് (19), പാലക്കാട് സ്വദേശി ജബല്‍ ഷാ (18), കാസര്‍കോട് സ്വദേശി മുഹമ്മദ് ജിംനാന്‍ (20) എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ (ഒക്‌ടോബര്‍ 4) പാലക്കാട് തിരുച്ചെന്ദൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം (Malayali Youths Arrested In Tamil Nadu).
മധുരയില്‍ നിന്നും രാമനാഥപുരം ജില്ലയിലെ ഏര്‍വാടിയിലേക്ക് (Ervadi In Ramanathapuram) യാത്ര ചെയ്യുകയായിരുന്ന യുവാക്കള്‍ തോക്കെടുക്കുകയും പരസ്‌പരം വെടിയുതിര്‍ക്കുന്നത് പോലെ അഭിനയിക്കുകയും ലോഡ് ചെയ്യുകയും ചെയ്‌തു. സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരില്‍ ഒരാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഇക്കാര്യം അറിയിച്ചു. പരാതിക്ക് പിന്നാലെ ട്രെയിന്‍ കൊടൈക്കനാല്‍ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് യുവാക്കളെ അറസ്റ്റ് ചെയ്‌തത്.
യുവാക്കള്‍ സഞ്ചരിച്ച കമ്പാര്‍ട്ട്‌മെന്‍റ് വളഞ്ഞ പൊലീസ് ഇവരെ പിടികൂടുകയും തോക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. പരിശോധിച്ച പൊലീസിന് കളിത്തോക്കാണെന്ന് മനസിലായെങ്കിലും യുവാക്കളുടെ കൈവശം എന്തിനാണ് കളിത്തോക്ക് സൂക്ഷിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.20 പേരടങ്ങുന്ന പൊലീസ് സംഘമാണ് യുവാക്കളെ പിടികൂടിയത്.
സംഭവത്തില്‍ തമിഴ്‌നാട് പൊലീസ്, റെയില്‍വേ പൊലീസ്, ഇന്‍റലിജന്‍സ് തുടങ്ങിയവര്‍ യുവാക്കളെ ചോദ്യം ചെയ്‌തുവരികയാണ്. സംഘത്തിലെ ഒരാളുടെ ബന്ധു ഏര്‍വാടിയില്‍ നിന്നും വാങ്ങി നല്‍കിയതാണ് കളിത്തോക്കെന്നാണ് യുവാക്കള്‍ പറയുന്നത്. ട്രെയിന്‍ ടിക്കറ്റ് എടുക്കാതെയാണ് യുവാക്കള്‍ യാത്ര ചെയ്‌തതെന്നും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുക, ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.