പാലക്കാട്: 2018 ഫെബ്രുവരി 22. ലോകത്തിന് മുൻപിൽ കേരളം തലതാഴ്‌ത്തി നിന്ന ദിവസം. ആൾക്കൂട്ട മർദനത്തെ തുടർന്ന് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു (30) കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം പിന്നിടുന്നു. എന്നാല്‍ കേസിന്‍റെ വിചാരണ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
പ്രദേശവാസികളായ 16 പേരെ പ്രതി ചേർത്താണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. ജില്ലാ ക്രൈം ബ്രാഞ്ചും കേസന്വേഷിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ശേഖരിച്ച തെളിവുകൾ ഡിജിറ്റൽ രൂപത്തിൽ വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതോടെ വിചാരണ നീണ്ടു പോയി. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറണമെങ്കിൽ കോടതി ഉത്തരവ് നൽകണം. മാർച്ചിൽ ഇത് സംബന്ധിച്ച ഉത്തരവുണ്ടാകുമെന്നും വിചാരണ നടപടികൾ തുടങ്ങുന്നതിനായുള്ള തീയതി നിശ്ചയിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
മോഷണക്കുറ്റം ആരോപിച്ചാണ് ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്‍റെ മകൻ മധുവിനെ നാട്ടുകാർ മർദിച്ചത്. പിന്നീട് പൊലീസിന് കൈമാറിയ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മധുവിനെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.
17 വയസ് മുതൽ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച മധു വർഷങ്ങളായി കുടുംബത്തിൽ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. മധുവിന്‍റെ അമ്മ മല്ലിയും സഹോദരി സരസുവും അംഗനവാടിയിലെ ജീവനക്കാരാണ്. മറ്റൊരു സഹോദരി ചന്ദ്രിക പൊലീസിലാണ്. മധു ഓർമയായി മൂന്നു വർഷം പിന്നിടുമ്പോഴും നീതിക്കായി കാത്തിരിക്കുകയാണ് കുടുംബം.